ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിപങ്കാളിത്തമുള്ള നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (നാല്‍കോ) ഓഹരിയില്‍ ഓവര്‍വെയ്റ്റ് റേറ്റിംഗ് നിലനിര്‍ത്തിയിരിക്കയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം ജെ പി മോര്‍ഗന്‍. എന്നാല്‍ ലക്ഷ്യവില 158 രൂപയില്‍ നിന്നും 135 രൂപയായി അവര്‍ കുറച്ചു.
നിലവില്‍ 92.40 രൂപയിലാണ് ഓഹരിയുള്ളത്. 2023-24 സാമ്പത്തികവര്‍ഷത്തിലെ വരുമാന വര്‍ധവ് നേരത്തെ കണക്കുകൂട്ടിയ പ്രകാരമായിരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു. അതേസമയം നിലവിലെ 64 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2024 ല്‍ ഇബിറ്റ 44 ബില്ല്യണ്‍ ഡോളറാക്കി കുറയും. വിപണി മൂല്യത്തിലും കുറവ് വരും.
അലുമിനീയത്തിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടേയും വിലക്കുറവാണ് ടാര്‍ഗറ്റ് വില താഴ്ത്താന്‍ ബ്രോക്കറേജ് സ്ഥാപനത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപിഎസ് ഉയര്‍ന്നിരിക്കുന്നതിനാല്‍ ലാഭവഹിതത്തില്‍ വളര്‍ച്ചയുണ്ടാകുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.
കമ്പനിയുടെ ഓഹരി വില ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഒരു ഇക്വിറ്റി അനലിസ്റ്റ് വിശ്വസിക്കുമ്പോഴാണ് അവര്‍ ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നത്. നിലവിലെ ബെഞ്ച്മാര്‍ക്ക് വെയിറ്റിംഗിനെക്കാള്‍ ഉയര്‍ന്ന വെയ്റ്റിംഗ് അര്‍ഹിക്കുന്ന ഓഹരികള്‍ക്കാണ് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കാറുള്ളത്.
പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.36 ശതമാനം ഓഹരിപങ്കാളിത്തമുള്ള സ്ഥാപനമാണ് നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (നാല്‌കോ). 2022 മാര്‍ച്ചിലെ ഡാറ്റ പ്രകാരം 246.5 കോടി രൂപ മൂല്യമുള്ള കമ്പനിയുടെ 2.5 കോടി ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്.
നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (NALCO) ഓഹരി വില ഒരു മാസം മുമ്പ് 124.45 രൂപ നിലവാരത്തിലായിരുന്നു. എന്നാല്‍ ക്രമേണ കുറഞ്ഞ് 92.40 രൂപയായി. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 132.70 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്നത് 65.05 രൂപയുമാണ്. 2021 ഡിസംബറില്‍ അവസാനിക്കുന്ന പാദം വരെ ജുന്‍ജുന്‍വാല കമ്പനിയില്‍ 5 കോടി ഓഹരികള്‍ അല്ലെങ്കില്‍ 2.72% ഓഹരികള്‍ കൈവശം വച്ചിരുന്നു.
മുന്‍ഗണനയുള്ള വൈദ്യുതി ഉല്‍പാദനത്തിലേക്ക് സപ്ലൈകള്‍ വഴിതിരിച്ചുവിട്ടതിനാല്‍ കല്‍ക്കരി വിതരണത്തില്‍ കുറവുണ്ടായി. നാല്‍കോയുടെ പവര്‍ പ്ലാന്റുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിന് ട്രെയിനുകളുടെ കുറവും അനുഭവപ്പെട്ടു. ഇതോടെ ഉത്പാദനം തടസ്സപ്പെട്ടതാണ് ഓഹരിവിലയിടിവില്‍ കലാശിച്ചത്.
സര്‍ക്കാറിന്റെ കീഴിലെ നവരത്‌ന കമ്പനികളിലൊന്നായ നാല്‍കോ മൈനിംഗ്, മെറ്റല്‍, പവര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭുബനേശ്വര്‍ ആസ്ഥാനമായ കമ്പനി മാര്‍ച്ചിലവസാനിച്ച പാദത്തില്‍ വരുമാനം 53.85 ശതമാനമുയര്‍ത്തിയിരുന്നു. 4,340.82 കോടി രൂപയാണ് വരുമാനം.ലാഭം 19.62 ശതമാനം വര്‍ധിപ്പിച്ച് 1,025.68 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.