
മുംബൈ: ഒന്നോ അതിലധികമോ തവണകളായി പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 500 കോടി രൂപ വരെ സമാഹരിക്കാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്ന് ജെകെ സിമന്റ് ലിമിറ്റഡ് അറിയിച്ചു. അടുത്ത ആനുവൽ ജനറൽ മീറ്റിംഗിൽ ഷെയർഹോൾഡർമാരുടെ അംഗീകാരത്തിനായി കമ്പനിയുടെ ബോർഡ് ഇത് സംബന്ധിച്ച നിർദ്ദേശം ശുപാർശ ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. വായ്പയെടുക്കുന്ന സമയത്ത് നിലവിലുള്ള മണി മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെടുന്ന പലിശ നിരക്കിലായിരിക്കും ധനസമാഹരണം എന്ന് റെഗുലേറ്ററി ഫയലിംഗിൽ ജെകെ സിമന്റ്സ് പറഞ്ഞു.
2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം ജെകെ സിമന്റ് കമ്പനിയിൽ പ്രൊമോട്ടർ ഗ്രൂപ്പിന് 45.82 ശതമാനം ഓഹരികളുണ്ട്. 2022 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 6.93 ശതമാനം ഇടിവ് രേഖപ്പെടുത്തി 199.44 കോടി രൂപയായി കുറഞ്ഞു. അതേസമയം, അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 2,134.14 കോടി രൂപയിൽ നിന്ന് 2,351.16 കോടി രൂപയായി ഉയർന്നു.
2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 6,606.10 കോടി രൂപയിൽ നിന്ന് 7,990.81 കോടി രൂപയായി. ഗ്രേ സിമന്റ്, വൈറ്റ് സിമന്റ്, വാട്ടർ പ്രൂഫ് സിമന്റ് എന്നിവ ഉല്പാദിപ്പിക്കുന്ന കമ്പനിയാണ് ജെ.കെ. സിമന്റ് ലിമിറ്റഡ്.