ന്യൂഡല്‍ഹി: ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി നികുതി ചുമത്താനുള്ള തീരുമാനം ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കളെ വലയ്ക്കുമെന്ന് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ ശര്‍മ്മ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒറ്റരാത്രികൊണ്ട് യൂറോപ്യന്‍ ഓര്‍ഡറുകള്‍ റദ്ദാക്കാനും നഷ്ടം നേരിടാനും അവര്‍ നിര്‍ബന്ധിതരാകും. എട്ട് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15% കയറ്റുമതി നികുതി ചുമത്താനുള്ള തീരുമാനം ശനിയാഴ്ചയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈകൊണ്ടത്.
ആഭ്യന്തര വിപണിയില്‍ നേരിട്ട നഷ്ടം യൂറോപ്യന്‍ കയറ്റുമതിയിലൂടെ നികത്താമെന്നാണ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടിയിരുന്നത്. “അവര്‍ ഞങ്ങള്‍ക്ക് കുറഞ്ഞത് 23 മാസമെങ്കിലും സമയം നല്‍കണമായിരുന്നു, അത്തരമൊരു കാര്യമായ നയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു,” ശര്‍മ്മ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നികുതി ചുമത്തപ്പെട്ടതോടെ ഏകദേശം 2 ദശലക്ഷം ടണ്‍ കയറ്റുമതി ഉത്പന്നങ്ങള്‍ തുറമുഖങ്ങളിലും ഫാക്ടറികളിലുമായി കുടുങ്ങികിടക്കുകയാണ്.
ഇത്തരത്തിലുള്ള ഓര്‍ഡറുകളില്‍ ഭൂരിഭാഗവും യൂറോപ്പിലേയ്ക്കാണ്. ‘ഇത് കരാര്‍ ലംഘനത്തിലേയ്ക്ക് നയിച്ചേക്കാം. കൂടാതെ ഒരു തെറ്റും ചെയ്യാത്ത ഉപഭോക്താവ് ഇവിടെ ബുദ്ധിമുട്ടനുഭവിക്കും,’ അദ്ദേഹം പറഞ്ഞു. നികുതി പ്രാബല്യത്തിലാകുന്നതോടെ വ്യവസായ ചെലവ് 300 മില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നും ശര്‍മ്മ പറഞ്ഞു. “ഞങ്ങള്‍ക്ക് മാത്രം 260,000 ടണ്‍ ഓര്‍ഡറുകള്‍ ഉണ്ട്, അത് കയറ്റുമതി തീരുവ പൂജ്യമായിരുന്നപ്പോള്‍ എടുത്തതാണ്.”
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സെയില്‍, ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ എന്നിവയുമായി മത്സരിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരാണ് ജെഎസ്പിഎല്‍. കയറ്റുമതിയിലൂടെ 40% വരെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിട്ടത്. കയറ്റുമതി ഓര്‍ഡറുകള്‍ കൂടുതലും യൂറോപ്പിലേയ്ക്കായിരുന്നു.