
ടോക്കിയോ: ഒറ്റ സെക്കന്‍ഡില്‍ നെറ്റ്‌ഫ്ലിക്‌സിലെ എല്ലാ ഉള്ളടക്കവും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ? എന്നാൽ അതിനുള്ള ഒരു വഴി തെളിയുകയാണ്. ഒരുകോടി 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ ശേഷിയില്‍ സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് (1,020,000 gigabits per second) ഇന്‍റര്‍നെറ്റ് വേഗത കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍.
പതിവ് ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഈ കണ്ടെത്തല്‍ ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ഭാവിയെ തിരുത്തിയെഴുതും എന്നാണ് അനുമാനം.
ദശലക്ഷക്കണക്കിന് 8k വീഡിയോകള്‍ ഒരേസമയം സ്ട്രീമിംഗ് ചെയ്യാനും സ്‌പ്ലിറ്റ് സെക്കന്‍ഡില്‍ എല്ലാ ഗെയിമും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന ഇന്‍റര്‍നെറ്റ് വേഗമാണ് ജപ്പാനില്‍ തെളിയിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയാണ് ജപ്പാന്‍ കൈവരിച്ച 1.02 പെറ്റാബിറ്റ് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസമാണ് ഈ അതിശയവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ജപ്പാനില്‍ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ കണ്ണുതള്ളിക്കുന്ന 1.02 പെറ്റാബിറ്റ് വേഗത്തില്‍ ഡാറ്റ അയച്ച് ജപ്പാനിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (എന്‍ഐസിടി)യിലെ ഗവേഷകര്‍ 2025 ജൂണില്‍ ചരിത്രമെഴുതുകയായിരുന്നു.
1.02 പെറ്റാബിറ്റ് ഇന്‍റര്‍നെറ്റ് വേഗത ജപ്പാന്‍ കൈവരിച്ചത് ഒരു ലാബ് ടെക്‌നിക് അല്ലായെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന അതേതരം ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിച്ചാണ് എന്‍ഐസിടി ഡാറ്റ ട്രാന്‍സ്‌മിറ്റ് ചെയ്തത്.
എന്നാലിതില്‍ നാല് കോറുകളും 50-ലധികം പ്രകാശദൈര്‍ഘ്യങ്ങളുമുണ്ടായിരുന്നു. 51.7 കിലോമീറ്റര്‍ ദൂരം വരെ ഈ അതിശയ വേഗത കൈവരിക്കാന്‍ കഴിഞ്ഞുവെന്നത് വ്യാവസായികാടിസ്ഥാനത്തില്‍ 1.02 പെറ്റാബിറ്റ് വേഗ പ്രായോഗികമാണ് എന്ന് തെളിയിക്കുന്നു.
എന്തിനാണ് ഇത്രയധികം ഇന്‍റര്‍നെറ്റ് വേഗത ഉപയോഗിക്കുക എന്ന സംശയം ചിലപ്പോള്‍ പലര്‍ക്കും ഉണ്ടാകാം. സാധാരണ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ലഭ്യമാകാന്‍ പോകുന്ന ടെക്‌നോളജിയായിരിക്കില്ല ഇത്. മറിച്ച്, ആഗോള എഐ വളര്‍ച്ചയെ അടക്കമുള്ള സാങ്കേതിക വിപ്ലവത്തെ ത്വരിതപ്പെടുത്താന്‍ ഈ പുത്തന്‍ നേട്ടത്തിനാകുമെന്നതാണ് ശ്രദ്ധേയം.
വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്‍ററുകളെ അതിവേഗത്തില്‍ ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയും. വളരെയധികം ഡാറ്റ ആവശ്യമുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, റിയല്‍-ടൈം ട്രാന്‍സ്‌ലേഷന്‍ ടൂള്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ് എന്നിവയ്ക്ക് ഈ ഇന്‍റര്‍നെറ്റ് തുണയാകും.