ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 79.04 ശതമാനം വർധനവ് രേഖപ്പെടുത്തി 175 കോടി രൂപയായി ഉയർന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം വരുമാനം മുൻവർഷത്തെ 1,650.40 കോടിയിൽ നിന്ന് 1,682.72 കോടി രൂപയായി ഉയർന്നു. അതേസമയം പ്രസ്തുത പാദത്തിലെ കമ്പനിയുടെ ചെലവ് കഴിഞ്ഞ വർഷത്തെ 1,474.27 കോടിയിൽ നിന്ന് 1,379.90 കോടി രൂപയായി കുറഞ്ഞു. കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത വർദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നേട്ടമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ പ്രോജക്ടുകളിലുടനീളമുള്ള കളക്ഷനുകളിൽ ശക്തമായ വളർച്ചയാണ് തങ്ങൾ കണ്ടതെന്ന് കമ്പനി അറിയിച്ചു. ഒരു ഇന്ത്യൻ ഹൈവേ നിർമ്മാണ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1998-ലാണ് സ്ഥാപിതമായത്. രാജ്യത്തെ ആദ്യത്തെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) റോഡ് പ്രൊജക്റ്റ് നടപ്പിലാക്കിയ ഐആർബി ഇൻഫ്രാസ്ട്രക്ചർ, അത്തരം സംരംഭങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ്.
നിലവിൽ കമ്പനിയുടെ ഓഹരികൾ 1.29 ശതമാനത്തിന്റെ നഷ്ടത്തിൽ 214 രൂപയിൽ വ്യാപാരം നടത്തുന്നു.