
ന്യൂഡല്‍ഹി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി സെബി(സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്ഇന്ത്യ) മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 490 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും നിക്ഷേപകരുടേയും മറ്റ് ഓഹരി ഉടമകളുടേയും 1.05 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. പ്രൊമോട്ടര്‍മാര്‍ — രാജ് പി നാരായണം, അവിനാഷ് രമേഷ് ഗോഡ്ഖിണ്ടി, നിക്ഷേപകര്‍ — വെഞ്ച്വര്‍ ഈസ്റ്റ് പ്രോആക്ടീവ് ഫണ്ട് എല്‍സിസി, ജികെഎഫ്എഫ് വെഞ്ചേഴ്സ്, വെഞ്ച്വര്‍ ഈസ്റ്റ് സെഡ്കോ പ്രോആക്ടീവ് ഫണ്ട് എല്‍സിസി, വെഞ്ച്വര്‍ ഈസ്റ്റ് ട്രസ്റ്റി കമ്പനി എന്നിവര്‍ ഒഎഫ്‌സ് വഴി ഓഹരികള്‍ ഓഫ് ലോഡ് ചെയ്യും.
കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാനും സാങ്കേതിക വിദ്യ നവീകരണത്തിനും ബാധ്യതകള്‍ തീര്‍ക്കാനും പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കും ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. 2011 ല്‍ സ്ഥാപിതമായ കമ്പനി ബിസിനസ് -ടു-ബിസിനസ്-ടു-കസ്റ്റമര്‍ സെഗ്മന്റില്‍ പ്രവര്‍ത്തിക്കുന്നു. പ്രീപെയ്ഡ് കാര്‍ഡുകളിലൂടെയും എംപ്ലോയീസ് മാനേജ്മെന്റിലൂടെയും (SaaS വഴി) ചെലവ് മാനേജ്മെന്റ് പരിഹാരമാണ് വാഗ്ദാനം ചെയ്യുന്നത്.
ജീവനക്കാരുടെ നികുതി ആനുകൂല്യങ്ങള്‍, ചെലവ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍, റിവാര്‍ഡുകള്‍, തിരിച്ചറിയല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഡിജിറ്റൈസ്ഡ് സൊല്യൂഷനുകള്‍ നല്‍കുന്നു. 1,896 ഉപഭോക്താക്കളും 19.82 ലക്ഷം ഗുണഭോക്താക്കളുമുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്വിറസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഐപിഒയുടെ മര്‍ച്ചന്റ് മാനേജര്‍മാര്‍.
ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.