
ന്യൂഡല്‍ഹി: വ്യാവസായികോത്പാദന സൂചികയനുസരിച്ച് രാജ്യത്തിന്റെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞു.. മെയ് മാസത്തില്‍ ഉത്പാദനം 19.6 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
2021 ജൂണില്‍ വ്യാവസായിക ഉത്പാദനം 13.8 ശതമാനമായിരുന്നു. താരതമ്യത്തിന് ഉപയോഗിച്ച അടിസ്ഥാന കണക്കുകള്‍ ഹിതകരമായതിനാല്‍ മെയ് 2022 ലും ജൂണ്‍ 2021 ലും ഉയര്‍ന്ന വ്യാവസായികോത്പാദനം രേഖപ്പെടുത്തി. 2020 ജൂണ്‍ അടിസ്ഥാന വര്‍ഷമായി എടുത്തതുകൊണ്ടാണ് 2021 ജൂണില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.
കോവിഡ് ലോക്ഡൗണ്‍ കാരണം ഉത്പാദനം നിശ്ചലമായ കാലമായിരുന്നു ജൂണ്‍ 2020. 2022 മെയ് മാസത്തിലും സമാനമായിരുന്നു സ്ഥിതി. കോവിഡ് രണ്ടാം തരംഗ കാലത്തെ ഡാറ്റയാണ് മെയ് മാസത്തില്‍ അടിസ്ഥാനമായത്. ജൂണ്‍ 2022 ല്‍ നിര്‍ണ്ണായക മേഖലകളായ മൈനിംഗ്, മാനുഫാക്ച്വറിംഗ്, വൈദ്യുതി എന്നി യഥാക്രമം 7.5 ശതമാനം, 12.5 ശതമാനം, 16.4 ശതമാനം എന്നിങ്ങനെ കുറഞ്ഞു.
തൊട്ടുമുന്‍മാസമായ മെയില്‍ ഇത് യഥാക്രമം 11.2 ശതമാനം,20.6 ശതമാനം, 23.5 ശതമാനം എന്നിങ്ങനെയായിരുന്നു. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തില്‍ പ്രാഥമിക ഉത്പാദനം 13.7 ശതമാനമായും മൂലധന ചരക്ക് ഉത്പാദനം 26.1 ശതമാനമായും ഇടനില ഉത്പന്നങ്ങളുടെ ഉത്പാദനം 11 ശതമാനമായും അടിസ്ഥാനസൗകര്യ ഉത്പന്നങ്ങളുടെ ഉത്പാദനം 8 ശതമാനമായും ഉപഭോഗ ഉപകരണങ്ങളുടെ ഉത്പാദനം 23.8 ശതമാനമായും ഉപകരണങ്ങളല്ലാത്ത ഉപോഭോഗ ഉത്പന്നങ്ങളുടെ ഉത്പാദനം 2.9 ശതമാനമായും ജൂണില്‍ കുറഞ്ഞു.
എന്നാല്‍ മെയില്‍ ഇവയെല്ലാം ഉയര്‍ന്ന തോതിലായിരുന്നു.