
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി സെപ്തംബറില്‍ 32.15 ബില്യണ്‍ ഡോളറായി. പതിനൊന്നുമാസത്തെ ഉയര്‍ന്ന സംഖ്യയാണിത്. 32.15 ബില്യണ്‍ ഡോളറില്‍ ചരക്ക് വ്യാപാരകമ്മി പ്രതീക്ഷിച്ചതിലും ഏറെയാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 25.13 ബില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സെപ്തംബറില്‍ 36.38 ബില്യണ്‍ ഡോളര്‍ ചരക്കാണ് രാജ്യം കയറ്റുമതി ചെയ്തത്. ഓഗസ്റ്റിലിത് 35.10 ബില്യണ്‍ ഡോളറായിരുന്നു.
ഇറക്കുമതി അതേസമയം 61.59 ബില്യണ്‍ ഡോളറില്‍ നിന്നും 68.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. യുഎസുമായുള്ള അടുത്തറൗണ്ട് വ്യാപാര ചര്‍ച്ചകള്‍ വാഷിങ്ടണ്ണില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന കടുംപിടുത്തം യുഎസ് തുടരുന്നു. കൂടാതെ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുകൊടുക്കാനും ആവശ്യപ്പെടുന്നു. കര്‍ഷക താല്‍പര്യം മാനിച്ച് രാജ്യം ആവശ്യം അംഗീകരിച്ചിട്ടില്ല.
ഏപ്രില്‍ മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയുടെ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 13% ത്തിലധികം ഉയര്‍ന്ന് 45.82 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 40.42 ബില്യണ്‍ ഡോളറായിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതി ഒരു വര്‍ഷം മുമ്പത്തെ 23.47 ബില്യണ്‍ ഡോളറില്‍ നിന്ന് ഉയര്‍ന്ന് 25.59 ബില്യണ്‍ ഡോളര്‍.
സെപ്റ്റംബറില്‍ സേവന കയറ്റുമതി 30.82 ബില്യണ്‍ ഡോളറും ഇറക്കുമതി 15.29 ബില്യണ്‍ ഡോളറുമാണെന്ന് സര്‍ക്കാര്‍ കണക്കാക്കി. ഇത് മൊത്തം ചരക്ക് സേവന വ്യാപാര മിച്ചം 15.53 ബില്യണ്‍ ഡോളറാണെന്ന് സൂചിപ്പിക്കുന്നു.