
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്കുള്ള റഷ്യയുടെ എണ്ണ ഇറക്കുമതി സെപ്തംബറില്‍ വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രണത്തെ തുടര്‍ന്ന് റഷ്യന്‍ ശുദ്ധീകരണശാലകള്‍ അടച്ചിട്ടിരിക്കയാണെന്നും അതുകൊണ്ടുതന്നെ കുറഞ്ഞവിലയില്‍ എണ്ണവില്‍ക്കാന്‍ അവര്‍ തയ്യാറാകുമെന്നും വ്യാപാരികളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞവിലയില്‍ എണ്ണ ലഭ്യമാകുന്ന പക്ഷം അത് എവിടെനിന്നാണെങ്കിലും വാങ്ങുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ റിഫൈനറികളുടെ റഷ്യന്‍ എണ്ണ ഉപഭോഗം സെപ്തംബറില്‍ 10-20 ശതമാനം വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നടപ്പ് മാസത്തിന്റെ ആദ്യ 20 ദിവസങ്ങളില്‍ ഇന്ത്യ പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇത് ആഗോള വില്‍പനയുടെ 1.5 ശതമാനമാണ്.
നിലവില്‍ സീബോണ്‍ റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന്റെ 40 ശതമാനവും ഇതാണ്.
ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നു
ഇതോടെ ഇന്ത്യ-യുഎസ് തര്‍ക്കം രൂക്ഷമാകാനുള്ള സാധ്യതയേറി. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നും എണ്ണ ഇനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് യുഎസ് ആരോപണം. ഊര്‍ജ്ജ പരിരക്ഷയുടെ ഭാഗമായാണ് ഇറക്കുമതിയെന്നും ചൈനയും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്നുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.
പാശ്ചാത്യ ഉപരോധം റഷ്യയ്ക്ക് മേല്‍ പതിഞ്ഞ 2022 തൊട്ട് റഷ്യന്‍ എണ്ണയുടെ രണ്ടാമത്ത വലിയ ഉപഭോക്താക്കളാണ് ഇന്ത്യ.ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. റഷ്യന്‍ എണ്ണവരുമാനത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് അമേരിക്ക ആരോപിക്കുന്നു.






