
മുംബൈ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷം അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ദ്ധിച്ചു, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ഊര്‍ജ്ജ സംഭരണ തന്ത്രത്തിലെ മാറ്റത്തെയാണ് നീക്കം പ്രതിഫലിപ്പിക്കുന്നത്. യുഎസുമായുള്ള ഊര്‍ജ്ജ സഹകരണം വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയെന്ന് ഡാറ്റകള്‍ കാണിക്കുന്നു.
2025 ജനുവരി മുതല്‍ ജൂണ്‍ 25 വരെ, യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രൂഡ് ഇറക്കുമതി പ്രതിദിനം ശരാശരി 0.271 ദശലക്ഷം ബാരലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം കൂടുതല്‍. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ച കൂടുതല്‍ പ്രകടമാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2024 നെ അപേക്ഷിച്ച് ഇറക്കുമതി 114% ഉയര്‍ന്നു. അതായത് 2024-25 ലെ ആദ്യ പാദത്തിലെ 1.73 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26 ല്‍ ഇറക്കുമതി മൂല്യം 3.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഇന്ത്യയുടെ മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ യുഎസ് വിഹിതം കഴിഞ്ഞ വര്‍ഷം 3% മാത്രമായിരുന്നെങ്കിലും, ഈ വര്‍ഷം ജൂലൈയില്‍ അത് 8 ശതമാനമാണ്.
വര്‍ദ്ധനവ് അസംസ്‌കൃത എണ്ണയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യ യുഎസില്‍ നിന്ന് കൂടുതല്‍ ദ്രവീകൃത പെട്രോളിയം വാതകവും (എല്‍പിജി) ദ്രവീകൃത പ്രകൃതിവാതകവും (എല്‍എന്‍ജി) ഇറക്കുമതി ചെയ്യുന്നു. ഉദാഹരണത്തിന്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എല്‍എന്‍ജി ഇറക്കുമതി 2.46 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടി.
കൂടാതെ കോടിക്കണക്കിന് ഡോളറിന്റെ ദീര്‍ഘകാല എല്‍എന്‍ജി കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പൊതുവായ താല്‍പ്പര്യങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ പങ്കാളിത്തത്തിന്റെ സ്വഭാവം മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എടുത്തുപറഞ്ഞു.