
ന്യൂഡല്‍ഹി:നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം 4 ശതമാനം വളര്‍ന്നു. ഓഗസ്റ്റിലെ 4.1 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവ്. വാര്‍ഷികാടിസ്ഥാനത്തില്‍ പുരോഗതി ദൃശ്യമാണ്.
കഴിഞ്ഞവര്‍ഷം ഇതേമാസത്തിലെ വളര്‍ച്ച 3 ശതമാനം മാത്രമായിരുന്നു.
ഉത്പാദന മേഖല വളര്‍ച്ച ഓഗസ്റ്റിലെ 3.8 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായും വൈദ്യുതി ഉത്പാദനം 3 ശതമാനമായും ഉയര്‍ന്നപ്പോള്‍ ഖനനപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം പ്രകടമായി. കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ശുദ്ധീകരണ ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച സെപ്റ്റംബറില്‍ 3 ശതമാനമായി കുത്തനെ കുറഞ്ഞു, ഓഗസ്റ്റില്‍ ഇത് 6.5 ശതമാനമായിരുന്നു. റിഫൈനറി ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം, അസംസ്‌കൃത എണ്ണ എന്നിവയുടെ ഉല്‍പ്പാദനം കുറഞ്ഞതാണ് പ്രധാനമായും ഈ ഇടിവിന് കാരണം. ഏപ്രില്‍ – സെപ്തംബര്‍ കാലയളവിലെ ഉത്പാദനം മുന്‍വര്‍ഷത്തെ 4.1 ശതമാനത്തെ അപേക്ഷിച്ച് 3 ശതമാനം മാത്രമാണ് വളര്‍ന്നത്.
ഉത്സവ സീസണ്‍ ഡിമാന്റും ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണവുമാണ് സെപ്തംബറില്‍ വളര്‍ച്ച നിലനിര്‍ത്തിയതെന്ന് ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ നിരീക്ഷിക്കുന്നു. നിത്യോപയോഗ വസ്തുക്കള്‍ക്കുള്ള ഡിമാന്റ് തുടരുമെങ്കിലും വിലകൂടിയ ഉത്പന്നങ്ങളില്‍ മാന്ദ്യം അനുഭവപ്പെടാം.
മൊത്തത്തില്‍ ഇന്ത്യയുടെ വ്യവസായ മേഖല വളരുകയാണ്. അതേസമയം ഊര്‍ജ്ജവുമായ ബന്ധപ്പെട്ട മേഖലകളുടെ ദുര്‍ബലമായ പ്രകടനം വളര്‍ച്ചാ തോത് നേരിയ തോതില്‍ കുറച്ചു.






