
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ജൂലൈയില്‍ 3.5 ശതമാനമായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യാഴാഴ്ച പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ജൂണിലെ ഉത്പാദന വളര്‍ച്ച 1.5 ശതമാനമായിരുന്നു.
ഉത്പാദന മേഖലയിലെ ഔട്ട്പുട്ട് വളര്‍ച്ച 5.7 ശതമാനമായി ഉയര്‍ന്നപ്പോള്‍ മൈനിംഗ് പ്രൊഡക്ഷന്‍ 7.2 ശതമാനമായി കുറഞ്ഞു. ഊര്‍ജ്ജോത്പാദനത്തില്‍ 0.6 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമാണുണ്ടായത്.
മാനുഫാക്ച്വറിംഗ് ഔട്ട്പുട്ട്് ആറ് മാസത്തിലെ ഉയര്‍ന്ന നിരക്കിലെത്താന്‍ കാരണം നിര്‍മ്മാണ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പാദന മികവാണെന്ന് ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍ നിരീക്ഷിക്കുന്നു.സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ മേഖലകളിലെ വളര്‍ച്ചയാണ് അടിസ്ഥാന സൗകര്യ/നിര്‍മ്മാണ വസ്തുക്കളുടെ ഉല്‍പ്പാദനം 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.9% ആക്കി ഉയര്‍ത്തിയത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ജിഎസ്ടി ഇ-വേ ബില്ലുകളുടെ വളര്‍ച്ചയിലുണ്ടായ വര്‍ധനവിന് അനുസൃതമായി, ഉത്സവകാലത്തിനു മുമ്പുള്ള സ്റ്റോക്കിംഗിന്റെ സഹായത്താല്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 7 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.7% ആയി.
അതേസമയം മൈനിംഗ്, ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞത് നിരാശപ്പെടുത്തി.
2026 സാമ്പത്തികവര്‍ഷത്തെ ഏപ്രില്‍-ജൂലൈ കാലയളവില്‍ വ്യാവസായിക ഉത്പാദനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കുറഞ്ഞു. യഥാക്രമം 2.3 ശതമാനവും 5.4 ശതമാനവുമാണിത്.






