
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എ.എം.സി.എ) നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നു.
ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ) നൽകുന്ന വിവരങ്ങൾ പ്രകാരം, എ.എം.സി.എയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028 അവസാനത്തോടെ പുറത്തിറങ്ങും. തുടർന്ന് 2031-ഓടെ അഞ്ച് പ്രോട്ടോടൈപ്പുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അഞ്ച് പ്രോട്ടോടൈപ്പുകളിൽ ഓരോന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് വികസിപ്പിക്കുന്നത്. ഓരോ ഒൻപത് മാസത്തെ ഇടവേളകളിൽ പുതിയ പ്രോട്ടോടൈപ്പുകൾ പുറത്തിറക്കുന്ന രീതിയിലാണ് പ്ലാനിംഗ്.
ഇതിൽ ആദ്യത്തെ മൂന്ന് വിമാനങ്ങൾ വിമാനത്തിന്റെ പറക്കൽ ശേഷി, ഏറോഡൈനാമിക്‌സ്, ഏവിയോണിക്‌സ് എന്നിവയുടെ പരിശോധനയ്ക്കായി ഉപയോഗിക്കും. അവസാനത്തെ രണ്ട് പ്രോട്ടോടൈപ്പുകൾ ആയുധങ്ങൾ ഘടിപ്പിക്കുന്നതിനും അവയുടെ പരീക്ഷണ പറക്കലുകൾക്കുമായിരിക്കും മുൻഗണന നൽകുക. വിവിധ ഘട്ടങ്ങളിലായി സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നത് വഴി വിമാനത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
എ.എം.സി.എ പദ്ധതിയുടെ നിർമ്മാണ പങ്കാളിയെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമസേന ഇതിനകം തന്നെ 40 എ.എം.സി.എ മാർക്ക് 1 വിമാനങ്ങൾക്കായി കരാർ ഉറപ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങളിൽ ജനറൽ ഇലക്ട്രിക്കിന്റെ എഫ് -414 എൻജിൻ ആണ് ഉപയോഗിക്കുക. എ.എം.സി.എ മാർക്ക് 1 വിമാനങ്ങളുടെ ഉത്പാദനം 2034-ഓടെ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.
എ.എം.സി.എ മാർക്ക് 1 പതിപ്പിന് പിന്നാലെ കൂടുതൽ കരുത്തുറ്റ മാർക്ക് 2 പതിപ്പ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി ഇന്ത്യയും ഫ്രാൻസും സംയുക്തമായി യുദ്ധവിമാനത്തിനുള്ള എൻജിൻ വികസിപ്പിക്കും. 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിനാകും വികസിപ്പിക്കുക. ഏകദേശം 80 എ.എം.സി.എ മാർക്ക് 2 വിമാനങ്ങൾ വ്യോമസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഉത്പാദനം 2036-ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളു.






