
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7 ബില്യൺ ഡോളറായിരുന്നു കടം.
2024 സെപ്റ്റംബർ അവസാനം 712.7 ബില്യൺ യുഎസ് ഡോളറായിരുന്നു വിദേശ കടം.
യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിച്ചതാണ് വിദേശ കടം ഉയരാനുള്ള കാരണം. ഇന്ത്യയുടെ വിദേശ കടത്തിൽ 54.8 ശതമാനവും ഡോളർ മൂല്യത്തിലുള്ളതാണ്.
2024 ഡിസംബർ അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ വിദേശ കടം കുറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഇതര മേഖലയുടെ പൊതുകടം ഉയരുകയും ചെയ്തു.
വിദേശ കടത്തിൻ്റെ 36.5 ശതമാനവും നോൺ ഫിനാൻഷ്യൽ കോർപറേഷനുകളുടേതാണ്. നിക്ഷേപം സ്വീകരിക്കുന്ന സെൻട്രൽ ബാങ്ക് ഒഴികെയുള്ള സ്ഥാപനങ്ങളുടെ കടം 27.8 ശതമാനമാണ്. കേന്ദ്ര സർക്കാരിൻ്റേത് 22.1 ശതമാനമാണ്. മറ്റ് ഫിനാൻഷ്യൽ കോർപറേഷനുകളുടെ 8.7 ശതമാനവുമാണ്.
വിദേശത്ത് നിന്നുള്ള വായ്പയാണ് ഇതിൽ പ്രധാന ഘടകം. 33.6 ശതമാനവും വിദേശത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി സ്വീകരിച്ച ലോണുകളാണ്. വിദേശത്ത് നിന്നുള്ള കറൻസിയും നിക്ഷേപവുമാണ് ബാക്കിയുള്ള 23.1 ശതമാനം.
ട്രേഡ് ക്രഡിറ്റും അഡ്വാൻസുമാണ് 18.8 ശതമാനം. ഡെബ്റ്റ് സെക്യൂരിറ്റിയാണ് 16.8 ശതമാനം.