
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ 3 ശതമാനമായി ഇടിഞ്ഞു. സെപ്തംബറില്‍ വളര്‍ച്ച 6.5 ശതമാനമായിരുന്നു. റിഫൈനറി ഉത്പന്നങ്ങള്‍, പ്രകൃതിദത്ത ഗ്യാസ്, അസംസ്‌കൃത എണ്ണ എന്നിവ ദുര്‍ബലമായതാണ് കാരണം. അതേസമയം സ്റ്റീല്‍, സിമന്റ് എന്നിവ കരുത്താര്‍ജ്ജിച്ചു.
വ്യാവസായി ഉത്പാദന സൂചികയുടെ (ഐഐപി) 40 ശതമാനവും കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിദത്ത ഗ്യാസ്, റിഫൈനറി ഉത്പന്നങ്ങള്‍, വളങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന മേഖലകളാണ്. സ്റ്റീല്‍ ഉത്പാദനം ഓഗസ്റ്റിലെ 13.6 ശതമാനത്തില്‍ നിന്നും 14.1 ശതമാനമായി ഉയര്‍ന്നു. നിര്‍മ്മാണ, അടിസ്ഥാന സൗകര്യവികസ മേഖലകളിലെ ഉയര്‍ന്ന ഡിമാന്റാണ് കാരണം.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഡിമാന്റ് കാരണം സിമന്റ് ഉത്പാദനം 5.3 ശതമാനമായി. അതേസമയം ഇന്ധനവുമായി ബന്ധപ്പെട്ട ഉത്പാദനം ഇടിഞ്ഞു. റിഫൈനറി ഉത്പാദനം 3.7 ശതമാനമായും പ്രകൃതിദത്ത ഗ്യാസ്, അസംസ്‌കൃത എണ്ണ ഉത്പാദനം യഥാക്രമം 3.8 ശതമാനവും 1.3 ശതമാനവുമായാണ് ചുരുങ്ങിയത്. കല്‍ക്കരി ഉത്പാദനം ഓഗസ്റ്റിലെ 11.4 ശതമാനത്തില്‍ നിന്നും 1.2 ശതമാനമായി കുറഞ്ഞു.
റാബി സീസണോടനുബന്ധിച്ച് വളം ഉത്പാദനം 1.6 ശതമാനമുയര്‍ന്നപ്പോള്‍ വൈദ്യുതി 2.1 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.സെപ്തംബറിലിത് 4.1 ശതമാനമായിരുന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച 2.9 ശതമാനമാണ്. മുന്‍വര്‍ഷത്തിലിത് 4.3 ശതമാനമായിരുന്നു.