
ന്യൂയോർക്ക്: ഇന്ത്യയിെല ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. പിന്നീട് അത് 12 ശതമാനം കുറയും. എങ്കിലും ഇന്ത്യതന്നെയാകും ഈ നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം.
യുഎൻ. വ്യാഴാഴ്ച പുറത്തിറക്കിയ ‘ലോക ജനസംഖ്യാപ്രതീക്ഷകൾ: 2024’ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അടുത്ത 50-60 വർഷം ജനസംഖ്യ വളർന്നുകൊണ്ടേയിരിക്കും. 2080-കളാകുമ്പോൾ ആഗോള ജനസംഖ്യ 1030 കോടിയാകും. പിന്നീട് അത് പടിപടിയായി കുറഞ്ഞ് ഈ നൂറ്റാണ്ടിന്റെ അവസാനം 1020 കോടിയിലെത്തും.
ഇന്ത്യയിലെ ജനസംഖ്യ ഇപ്പോൾ 145 കോടിയാണ്. 2054-ൽ ഇത് 169 കോടിയെത്തും. പിന്നീട് കുറഞ്ഞ് 2100 ആകുമ്പോൾ 150 കോടിയാകും. അപ്പോഴും ഇന്ത്യയായിരിക്കും ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെന്ന് റിപ്പോർട്ട് പറയുന്നു.
141 കോടി ജനങ്ങളുമായി ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ള ചൈനയിൽ 2054-ൽ 121 കോടിപ്പേരാകും ഉണ്ടാകുക. ഇതു പിന്നെയും കുറഞ്ഞ് 2100-ഓടെ 63.3 കോടിയാകും. 2024-2054 കാലത്ത് ഏറ്റവുമധികം ജനസംഖ്യാനഷ്ടമുണ്ടാകുന്ന (20.4 കോടി) രാജ്യം ചൈനയായിരിക്കും.
ജപ്പാൻ (2.1 കോടി), റഷ്യ (ഒരുകോടി) എന്നിവ ചൈനയ്ക്കുപിന്നിലുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ. താഴ്ന്ന പ്രത്യുത്പാദനിരക്കാണ് ഇതിനു കാരണം.
നിലവിലെ ജനസംഖ്യ നിലനിർത്തിക്കൊണ്ടുപോകണമെങ്കിൽ പ്രത്യുത്പാദന നിരക്ക് സ്ത്രീയൊന്നിന് 2.1 കുട്ടി എന്നാകണം. എന്നാൽ, ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളിലും പ്രത്യുത്പാദന നിരക്ക് 1.4-ൽ താഴെയാണ്. പക്ഷേ, ആഗോളതലത്തിൽ 2.25 ആണ്. 1990-ൽ ഇത് 3.31 ആയിരുന്നു.
ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള മൂന്നാം രാജ്യം യു.എസാണ്-34.5 കോടി. 2054-ൽ 38.4 കോടി ജനങ്ങളുമായി യു.എസ്. നാലാം സ്ഥാനത്താകും. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ 51.1 കോടിപ്പേരുമായി പാകിസ്താൻ മൂന്നാം സ്ഥാനത്തെത്തും.
2024-ൽ ലോകത്തെ ശരാശരി ആയുർദൈർഘ്യം 73.3 വർഷമായെന്നും 2054-ൽ ഇത് 77.4 ആകുമെന്നും റിപ്പോർട്ടിലുണ്ട്. 2080 ആകുമ്പോൾ 65 വയസ്സുകഴിഞ്ഞവരുെട എണ്ണം 18-ൽ താഴെയുള്ളവരുടേതിനെക്കാൾ കൂടുതലാകുമെന്നും റിപ്പോർട്ട് പറയുന്നു.