
ലോകത്തെ ഏറ്റവും ശക്തരായ വ്യവസായികളുടെ ഫോർച്യൂൺ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ വ്യവസായി. മാർക്ക് സൂക്കർബർഗ്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർക്കൊപ്പമാണ് രേഷ്മ കെൽരമണിയും പട്ടികയിൽ ഇടംപിടിച്ചത്. യു.എസിലെ പ്രധാനപ്പെട്ട ബയോടെക്നോളജി കമ്പനിയെ നയിക്കുന്ന ആദ്യ വനിത സി.ഇ.ഒയായി അവർ ചരിത്രം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടം.
110 ബില്യൺ ഡോളർ മൂല്യമുള്ള വെർടെക്സ് കമ്പനിയുടെ സി.ഇ.ഒയാണ് രേഷ്മ കെവൽരമണി. യു.എസിലെ പ്രധാനപ്പെട്ടൊരു ബയോടെക് കമ്പനിയുടെ സി.ഇ.ഒയാകുന്ന ആദ്യവനിതയാണ് അവർ. 2020 ഏപ്രിലിലാണ് അവർ പദവിയിലേക്ക് എത്തുന്നത്. മുംബൈയിൽ ജനിച്ച അവർ 11ാം വയസിലാണ് യു.എസിലേക്ക് പോകുന്നത്.
2017ൽ ചീഫ് മെഡിക്കൽ ഓഫീസറായാണ് അവർ വെർടെക്സ് ഫാർമസ്യൂട്ടിക്കൽസിൽ കരിയർ ആരംഭിക്കുന്നത്. 2020ൽ അവർ കമ്പനിയുടെ സി.ഇ.ഒയായി മാറി. ഫോർച്യൂണിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് നിവിദിയ സഹസ്ഥാപകൻ ജെൻസൻ ഹുയാങ്ങാണ്. മൈക്രോസോഫ്റ്റിന്റെ സത്യ നദല്ലെയാണ് രണ്ടാമത്. ഇന്ത്യൻ വംശജനായ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി റാങ്കിങ്ങിൽ 56ാം സ്ഥാനത്തുണ്ട്. യുട്യൂബ് സി.ഇ.ഒ നീൽ മോഹൻ 83ാം റാങ്കിലാണ്. ഗൗതം അദാനി 96ാം റാങ്കിങ്ങിലാണ്. എന്നാൽ, അദാനിയുമായി താരതമ്യം ചെയ്യുമ്പോൾ 62ാം റാങ്കോടെ കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്താണ് രേഷ്മയുള്ളത്.






