
അബുദാബി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ്പ) പുരോഗതി അവലോകനം ചെയ്യുന്നതിനും ഉഭയകക്ഷി നിക്ഷേപം ശക്തിപ്പെടുത്താനുമായി ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉന്നത തല യോഗം നടന്നു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ.താനി അല്‍ സെയൂദിയും പങ്കുകൊണ്ടു. സെപ്പ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുതിച്ചുയര്‍ന്നതായി ഗോയല്‍ പറഞ്ഞു. എന്നാല്‍ കണക്കുകള്‍ അദ്ദേഹം വിശദമാക്കിയില്ല. സമുദ്ര,ബഹിരാകാശ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ഷിപ്പിംഗ്, തുറമുഖ വികസനം, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഉപഗ്രഹ സാങ്കേതിക വിദ്യ,ഗവേഷണം, എയ്‌റോസ്‌പേസ് സംരഭങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.
പുതിയ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും ധാരണയായി. 2022 മെയ് മാസത്തിലാണ് ഇന്ത്യ-യുഎഇ സെപ്പ പ്രാബല്യത്തില്‍ വരുന്നത്. യുഎഇയുടെ ആദ്യ സ്വതന്ത്ര വ്യാപാരകരാറായിരുന്നു ഇത്. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി 2012 ല്‍ ഇരു രാജ്യങ്ങളും ഒരു സംയുക്ത ടാസ്‌ക്ക് ഫോഴ്‌സ് സ്ഥാപിച്ചു.