അടുത്ത വർഷം മധ്യത്തോടെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് വരാനിരിക്കുന്ന ഉത്സവച്ചെലവും ഉയർന്ന സർക്കാർ ചെലവും കാരണം രാജ്യത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6.5-6.8 ശതമാനത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെലോയിറ്റ് ഇന്ത്യ ബുധനാഴ്ച പറഞ്ഞു.
2027-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനും മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 5 ട്രില്യൺ ഡോളർ കടക്കുന്നതിനും ഇന്ത്യയ്ക്ക് എല്ലാ സാമ്പത്തിക വർഷവും കുറഞ്ഞത് 6.5 ശതമാനം വളർച്ച ആവശ്യമാണെന്നും ഈ മാസം ആദ്യം പുറത്തിറക്കിയ ഇന്ത്യൻ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ ഡെലോയിറ്റ് പറഞ്ഞു.
2047 ഓടെ വികസിത രാജ്യമാകാൻ 8-9 ശതമാനം സാമ്പത്തിക വളർച്ചയാണ് രാജ്യത്തിന് ആവശ്യമുള്ളത്. ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർന്നു, മുൻവർഷത്തെ 7.2 ശതമാനത്തേക്കാൾ ഉയർന്നതാണ് ഇത്.
“ഒന്നാം പാദ ജിഡിപി വളർച്ചയുടെ വെളിച്ചത്തിൽ, അത് പ്രതിഫലിപ്പിക്കുന്നതിനായി ഈ വർഷത്തെ വളർച്ചാ എസ്റ്റിമേറ്റ് ഞങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.പ്രാഥമികമായി വരും മാസങ്ങളിലെ ഉത്സവച്ചെലവും തുടർന്ന് അടുത്ത വർഷം മധ്യത്തോടെ വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉയർന്ന സർക്കാർ ചെലവും കാരണം, ജിഡിപി 6.5-6.8 ശതമാനത്തിൽ വളരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” ഡെലോയിറ്റ് ഇന്ത്യ പറഞ്ഞു.
“ഇന്ത്യയുടെ വളർച്ചയ്ക്ക്, പ്രത്യേകിച്ചും, സ്വകാര്യ ഉപഭോഗം, നിക്ഷേപ ചെലവ് എന്നിവയ്ക്ക് ഊർജം പകരാൻ സ്വന്തം ആഭ്യന്തര ആവശ്യത്തെ ആശ്രയിക്കേണ്ടിവരും,” ഡിലോയിറ്റ് ഇന്ത്യ ഇക്കണോമിസ്റ്റ് റുംകി മജുംദാർ പറഞ്ഞു.
“സ്വകാര്യ ഉപഭോഗ രംഗത്ത് ഇന്ത്യക്ക് അനുകൂലമായി പ്രവർത്തിക്കുന്നത് അതിന്റെ ഉപഭോക്തൃ അടിത്തറയുടെ വലുപ്പം, വർദ്ധിച്ചുവരുന്ന വരുമാനം, ലോകത്തിലെ ഏറ്റവും വലിയ യുവജനങ്ങളുടെ താല്പര്യങ്ങൾ എന്നിവയാണ്.
യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് ശേഷം 3.4 ട്രില്യൺ യുഎസ് ഡോളറിന്റെ ജിഡിപി വലുപ്പമുള്ള ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ അവസാനിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ പാതയിലേക്ക് കുതിക്കുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനത്തിലധികമാകുമെന്ന് ഡെലോയിറ്റ് പറഞ്ഞു.
ഉപഭോഗത്തിലും നിക്ഷേപത്തിലും സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ വരുമാനം, കഴിവുകൾ, ശേഷികൾ, ആവാസവ്യവസ്ഥകൾ എന്നിവ സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട അല്ലെങ്കിൽ ഇടത്തരം സംരംഭങ്ങൾ (MSME) നിർണായകമാകുമെന്ന് ഡെലോയിറ്റ് അഭിപ്രായപ്പെടുന്നു.
എംഎസ്എംഇ മേഖലയും ചെലവ് കുറഞ്ഞ രീതിയിൽ നവീകരണവും പുതിയ അവസരങ്ങളും സാധ്യമാക്കും. ഇത് രാജ്യത്ത് തൊഴിലവസരങ്ങളും സംരംഭകത്വവും വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകൾക്ക് അത് നേട്ടമാകും, ഡെലോയിറ്റ് കൂട്ടിച്ചേർത്തു.