
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽനിന്ന് മിസൈലുകൾ വാങ്ങാൻ ഇന്ത്യ.
1000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ദിവസം അനുമതിനൽകി. വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
ഫാസ്റ്റ് ട്രാക്ക് നടപടിക്രമം (എഫ്ടിപി) വഴിയാണ് ഇടപാട് നടക്കുക. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്.
സിന്ദൂർ ഓപ്പറേഷനിലും പിന്നീട് നാലു ദിവസത്തോളം പാകിസ്താനുമായി നീണ്ടുനിന്ന സംഘർഷത്തിലും ഇന്ത്യൻ വ്യോമസേനയ്ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു.
പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ ഇന്ത്യ പ്രതിരോധിച്ചത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ തന്ത്രത്തിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് എസ്-400നെ വ്യോമസേന അന്ന് വിശേഷിപ്പിച്ചത്. ഇതോടെയാണ് ഈ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ അവാക്സ് വിമാനത്തെ 300 കിലോമീറ്റർ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങൾക്ക് സുദർശൻ ചക്ര എന്നാണ് നൽകിയിരിക്കുന്ന പേര്.






