
ന്യൂഡൽഹി: പുതുതലമുറ ആകാഷ് (AKASH-NG) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഒഡീഷാ തീരത്തെ ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നും വിജയകരമായി നടത്തി.
വളരെ താഴ്ന്ന ഉയരത്തില്‍ അതിവേഗം പറക്കുന്ന ആളില്ലാ വ്യോമ ലക്ഷ്യത്തിനെതിരേയായിരുന്നു പരീക്ഷണ വിഷേപണം. പരീക്ഷണ വിക്ഷേപണത്തില്‍, ആയുധ സംവിധാനം ഉപയോഗിച്ച് ലക്ഷ്യത്തെ വിജകരമായി ഭേദിക്കുകയും തകര്‍ക്കുകയും ചെയ്തു.
തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി സീക്കര്‍, ലോഞ്ചര്‍, മള്‍ട്ടി-ഫംഗ്ഷന്‍ റഡാര്‍, കമാന്‍ഡ്, കണ്‍ട്രോള്‍ & കമ്മ്യൂണിക്കേഷന്‍ സംവിധാനം എന്നിവ അടങ്ങിയ സമ്പൂര്‍ണ്ണ ആയുധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ചാന്ദിപുരിലെ ഐടിആര്‍ വിന്യസിച്ചിട്ടുള്ള നിരവധി റഡാറുകള്‍, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സംവിധാനം എന്നിവ വഴി പകര്‍ത്തിയ ഡാറ്റയിലൂടെയും സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഡിആര്‍ഡിഒ, ഇന്ത്യന്‍ വ്യോമസേനാ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍) എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരീക്ഷണ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
ആകാഷ്-എന്‍ജി അത്യാധുനിക മിസൈല്‍ സംവിധാനത്തിന് അതിവേഗത്തിലുള്ള ചടുല വ്യോമ ഭീഷണികളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്.
പരീക്ഷണ വിക്ഷേപണത്തിന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഡിആര്‍ഡിഒ, ഐഎഎഫ്, പിഎസ്‌യു, വ്യാവസായ മേഖല എന്നിവയെ അഭിനന്ദിച്ചു.
ഈ സംവിധാനത്തിന്റെ വിജയകരമായ വികസനം രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.