കൊച്ചി: സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍ 2021 വരെയുള്ള കാലത്ത് ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണ ശേഷി 500 ശതമാനമാണ് വര്‍ധിച്ചത്. 1800 ടണ്ണാണ് 2021-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണ ശേഷി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി രാജ്യത്തെ സ്വര്‍ണ ലഭ്യതയുടെ 11 ശതമാനം പഴയ സ്വര്‍ണത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. അടുത്ത ഘട്ടത്തില്‍ മല്‍സരക്ഷമമായ ഒരു റിഫൈനിങ് ഹബ്ബ് ആയി ഉയരാനുള്ള സാധ്യതയാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മേഖലാ സിഇഒ പിആര്‍ സോമസുന്ദരം പറഞ്ഞു.
രൂപയുടെ വിലയേയും സാമ്പത്തിക ചക്രങ്ങളേയും അധിഷ്ഠിതമായി മുന്നേറുന്ന ഇന്ത്യയിലെ സ്വര്‍ണ റീസൈക്കിളിങ് മേഖല മുഖ്യമായും അസംഘടിത രംഗത്താണ്. ഈ രംഗത്ത് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. യുവ ഉപഭോക്താക്കളുടെ ഡിസൈന്‍ സംബന്ധിച്ച താല്‍പര്യങ്ങള്‍ വേഗത്തില്‍ മാറ്റുന്നതിനാല്‍ ആഭരണശാലകളില്‍ സ്വര്‍ണം സൂക്ഷിച്ചു വെക്കുന്ന കാലയളവു കുറയുന്നതു തുടരുമെന്ന് തങ്ങളുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഔപചാരിക മേഖലയില്‍ അഞ്ചില്‍ താഴെ സ്വര്‍ണ ശുദ്ധീകരണ സ്ഥാപനങ്ങള്‍ മാത്രമാണ് 2013ല്‍ ഉണ്ടായിരുന്നത്. 2021-ല്‍ അത് 33 ആയി ഉയര്‍ന്നിട്ടുണ്ട്. സംഘടിത മേഖലയില്‍ 1800 ടണ്‍ ശേഷിയുള്ളപ്പോള്‍ മറ്റൊരു 300-500 ടണ്‍ അസംഘടിത മേഖലയിലും ശുദ്ധീകരിക്കുന്നുണ്ട്.