
മുംബൈ: ചൈനയുള്‍പ്പടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ബാധകമായ നിക്ഷേപ നിയമങ്ങള്‍ പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണിത്. ഇടി സ്റ്റാര്‍ട്ട്പ്പ് അവാര്‍ഡ്സ് 2025 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മുതല്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാകുന്നു. സുരക്ഷാ ആശങ്കകള്‍ കാരണമാണിത്.
നിലവില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പ്രസ് നോട്ട് 3 എന്ന നയക്കുറിപ്പിലൂടെയാണ് നിയമം അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ കമ്പനികളുടെ ചൈനീസ് ഏറ്റെടുക്കല്‍ തടയുകയായിരുന്നു ലക്ഷ്യം.
അതേസമയം സാമ്പത്തികവളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെങ്കില്‍ ഈ നിയമത്തില്‍ ഇളവ് വരുത്തുന്നത് പരിഗണിക്കും. ഇക്കാര്യത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ഗോയല്‍ പറഞ്ഞു.ചൈന ഉള്‍പ്പെട്ട ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.
ബന്ധം സാധാരണ നിലയിലായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും നല്ലതായിരിക്കുമെന്നും കൂടുതല്‍ തുറന്ന വ്യാപാരത്തിനും നിക്ഷേപത്തിനും കാരണമാകുമെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.






