
ന്യൂഡല്‍ഹി: ആഗോള താരിഫ് സമ്മര്‍ദ്ദങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വ്യാപാര തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലും ഭക്ഷ്യയോഗ്യ ഉത്പന്നങ്ങളുടെ കയറ്റുമതി 9 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.
ബസുമതി അരി, സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്റ് ഇതിന് സഹായിക്കും എന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. പാശ്ചാത്യ വിപണികളിലെ ഉയര്‍ന്ന പ്രതിശീര്‍ഷ ഉപഭോഗം കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിവളര്‍ച്ചയ്ക്ക് കാരണമാകും.
ഇന്ത്യയുടെ കാര്‍ഷിക, മത്സ്യബന്ധന കയറ്റുമതി 4.5 ലക്ഷം കോടി രൂപ മൂല്യമുള്ളതാണെന്നും ശക്തമായ വിതരണ ശൃംഖലകള്‍, മികച്ച ജലസേചനം, കൂടുതല്‍ മൂല്യവര്‍ദ്ധനവ് എന്നിവയിലൂടെ അത് 20 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താമെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.
വിദേശത്ത് താമസിക്കുന്ന നാല് കോടിയിലധികം ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം പ്രീ-പാക്ക് ചെയ്ത സംസ്‌കരിച്ച ഭക്ഷണങ്ങളുടെ കയറ്റുമതി വികസിപ്പിക്കാനുള്ള അവസരം നല്‍കുന്നു.
മെച്ചപ്പെട്ട സംസ്‌കരണവും ബ്രാന്‍ഡിംഗും കയറ്റുമതി കൂടുതല്‍ വര്‍ദ്ധിപ്പിക്കും. ഇന്ത്യന്‍ കയറ്റുമതിയിലെ ഒരു പ്രധാന വളര്‍ച്ചാ വിഭാഗമായി ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങളെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.






