മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല കടങ്ങള്‍ 20%, 5.6% എന്നിങ്ങനെ ഉയര്‍ന്നു. മൊത്തം വിദേശ കടം 2022 സാമ്പത്തിക വര്‍ഷത്തില്‍ 8% ഉയര്‍ന്ന് 620.7 ബില്യണ്‍ ഡോളറായി.
എന്നാല്‍ കടം:ജിഡിപി അനുപാതം 19.9% ആയി കുറഞ്ഞു. ദീര്‍ഘകാല കടം 5.6% ഉയര്‍ന്ന് 499 ബില്യണ്‍ ഡോളറിലും, ഹ്രസ്വകാല കടം 20% വര്‍ധിച്ച് 121 ബില്യണ്‍ ഡോളറിലുമാണുള്ളത്. മൊത്തം ബാഹ്യ കടത്തിലെ ഹ്രസ്വകാല കടത്തിന്റെ (ഒരു വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്നവ) വിഹിതം 2021 മാര്‍ച്ച് അവസാനത്തിലെ 17.6%ല്‍ നിന്നാണ് 19.6 ശതമാനമായി വര്‍ധിച്ചത്.
ഇന്ത്യന്‍ രൂപയ്‌ക്കെതിരെയും മറ്റ് കറന്‍സികളായ യെന്‍, യൂറോ, എസ്ഡിആര്‍ എന്നിവയ്‌ക്കെതിരെയും ഡോളര്‍ ശക്തി പ്രാപിച്ചത് കാരണമുള്ള മൂല്യനിര്‍ണ്ണയ നേട്ടം 11.7 ബില്ല്യണ്‍ ഡോളറാണ്. “മൂല്യനിര്‍ണ്ണയ ഫലം കഴിച്ച്, 2022 മാര്‍ച്ച് അവസാനത്തോടെ 58.8 ബില്യണ്‍ ഡോളറായി വിദേശ കടം വര്‍ദ്ധിച്ചു. 2021 മാര്‍ച്ച് അവസാനത്തില്‍ ഇത് 47.1 ബില്യണ്‍ ഡോളറായിരുന്നു.” റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെ, ദീര്‍ഘകാല കടം (ഒരു വര്‍ഷത്തിന് മുകളിലുള്ള യഥാര്‍ത്ഥ മെച്യൂരിറ്റി ഉള്ളത്) 499.1 ബില്യണ്‍ ഡോളറായി. ഇത് 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 26.5 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ്. ഇതേ കാലയളവില്‍, മൊത്തം വിദേശ കടത്തില്‍ ഹ്രസ്വകാല കടത്തിന്റെ വിഹിതം 17.6 ശതമാനത്തില്‍ നിന്ന് 19.6 ശതമാനമായി ഉയരുകയായിരുന്നു.
അതുപോലെ, ഈ വര്‍ഷം മാര്‍ച്ച് അവസാനം വിദേശനാണ്യ കരുതല്‍ ശേഖരവുമായി ഹ്രസ്വകാല കടത്തിന്റെ അനുപാതം 20 ശതമാനമായി ഉയര്‍ന്നു. കൂടാതെ യു.എസ് ഡോളറിലാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ കടമുള്ളത്. 53.2 ശതമാനം. കൂടാതെ, ഇന്ത്യന്‍ രൂപ (31.2 ശതമാനം), എസ്ഡിആര്‍ (6.6 ശതമാനം), യെന്‍ (5.4) എന്നിങ്ങനെയാണ് മറ്റ് കറന്‍സിയിലുള്ള വായ്പകള്‍.