
ന്യൂഡൽഹി: ഹരിത ഹൈഡ്രജന്‍ കയറ്റുമതി രംഗത്തേക്ക് പ്രവേശിച്ച് ഇന്ത്യ. ജപ്പാനിലേക്കും സിംഗപ്പൂരിലേക്കും 4.12 ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യും.
നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യ ഇരുരാജ്യങ്ങളുമായി ധാരണയിലെത്തിയിരിക്കുന്നത്.
ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പാദനത്തിലും കയറ്റുമതിയിലും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യയുടെ ഗ്രീന്‍ ഹൈഡ്രജന്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതായും കേന്ദ്ര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സിംഗപ്പൂരിന്റെ കപ്പലുകള്‍ക്ക് പ്രതിവര്‍ഷം 55 ദശലക്ഷം ടണ്ണിലധികം ബങ്കര്‍ ഇന്ധനം വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
മറ്റ് അന്താരാഷ്ട്ര തുറമുഖങ്ങളെയും സമുദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഗ്രീന്‍ ഡിജിറ്റല്‍ ഷിപ്പിംഗ് കോറിഡോര്‍ പദ്ധതിയ്ക്കായുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമുള്ളത്.
ഹരിത ഹൈഡ്രജന്റെ ഉത്പാദനത്തിനും ഉപയോഗത്തിനും കയറ്റുമതിക്കുമുള്ള ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന്റെ ലക്ഷ്യം. 2030ല്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയാണ് ദൗത്യത്തിന്റെ അജണ്ട.
കൂടാതെ 2047ഓടെ ഊര്‍ജ സ്വതന്ത്രമാകാനും 2070ഓടെ നെറ്റ് സീറോ നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഹൈഡ്രജന്‍ ഇന്ധന സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ലോകത്ത് പലയിടത്തും ഇതിനകം വ്യാപകമായി കഴിഞ്ഞു. ജപ്പാന്‍, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പൊതു ഹൈഡ്രജന്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി പ്രത്യേക സ്റ്റേഷനുകള്‍ വരെ സജ്ജമാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഹരിത ഹൈഡ്രജന് ആവശ്യക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ. അതേസമയം, ഊര്‍ജ ഉപഭോഗത്തില്‍ നിലവില്‍ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഇന്ത്യക്കുമുന്നിലുള്ളവര്‍.
2030ഓടെ യൂറോപ്യന്‍ യൂണിയനെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാര്‍ബണ്‍ രഹിത ഊര്‍ജമേഖലയിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവെയ്പ് നിര്‍ണായകമാകും.