
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍ നേരിടുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 1,600 കോടി രൂപ ലാഭമുണ്ടാക്കിയ വ്യോമയാന വിപണിയെ ഈ വര്‍ഷം കാത്തിരിക്കുന്നത് വിവിധ പ്രതിസന്ധികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിക്കറ്റ് നിരക്ക് കുറക്കാനുള്ള വിപണി സമ്മര്‍ദ്ദം, എടിഎഫ് ഇന്ധനത്തിന്റെ ഉയര്‍ന്ന വില തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെങ്കിലും ടിക്കറ്റ് നിരക്കുകളില്‍ മല്‍സരം വരുന്നത് വരുമാനം കുറക്കും. ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം പുതിയ വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതകളാണ് വിമാന കമ്പനികളെ കാത്തിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പുള്ള കനത്ത നഷ്ടത്തില്‍ നിന്ന് വിപണി കരകയറി വരികയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 23,500 കോടി രൂപയും 2023 വര്‍ഷത്തില്‍ 17,400 കോടിയുമായിരുന്നു നഷ്ടം.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കടങ്ങളുടെ പലിശ വര്‍ധിക്കാതെ പിടിച്ചു നില്‍ക്കാന്‍ കമ്പനികള്‍ക്ക് കഴിയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 മടങ്ങ് വരെ മാത്രമാണ് പലിശയില്‍ വര്‍ധനയുണ്ടാകുക. ഇത് കമ്പനികള്‍ക്ക് ആശ്വാസകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കമ്പനികള്‍ക്ക് മികച്ച വരുമാനം നല്‍കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര യാത്രക്കാരുടെ എണ്ണം 14.5 ശതമാനം വര്‍ധിച്ചിരുന്നു.
ഈ വര്‍ഷവും യാത്രക്കാര്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖല നേരിടുന്നത് താല്‍കാലിക പ്രതിസന്ധിയാണെന്നും പതിയെ ഇത് മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.