ഡൽഹി: 5 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. പുതുക്കിയ നിരക്കുകൾ ജൂൺ 16 (വ്യാഴം) മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.90 ശതമാനമാക്കിയിരുന്നു. ഇതേ തുടർന്നാണ് ബാങ്കിന്റെ നടപടി. 7-29 ദിവസങ്ങളുടെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാധാരണക്കാർക്ക് 2.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനവുമാണെന്ന് ബാങ്കിന്റെ വെബ്സൈറ്റിലെ രേഖകൾ വ്യക്തമാകുന്നു. 30-90 ദിവസത്തിനിടയിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാധാരണക്കാർക്ക് 3.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനവുമാണ്.
91-184 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾക്ക് ബാങ്ക് സാധാരണക്കാർക്ക് 3.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, 185 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് ബാങ്ക് സാധാരണക്കാർക്ക് 4.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.10 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 2 വർഷം വരെയുള്ള എഫ്ഡികൾക്ക് ഐസിഐസിഐ ബാങ്ക് പൊതുജനങ്ങൾക്ക് 5.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.80 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോൾ, മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് സാധാരണക്കാർക്ക് 5.70 ശതമാനം മുതിർന്ന പൗരന്മാർക്ക് 6.20 ശതമാനം എന്നിങ്ങനെ പലിശനിരക്കും, അഞ്ച് വർഷത്തിനുള്ളിൽ 80 സി എഫ്‌ഡിയും ബാങ്ക് വാഗ്ദാനം ചെയ്യും.