
മുംബൈ: 2026 ഓഗസ്റ്റില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനത്തോളം വില്‍പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ മാത്രം ഏകദേശം 4,50,000 വാഹനങ്ങള്‍ വിറ്റഴിച്ചതായാണ് കണക്കാക്കുന്നത്.
അതേസമയം ജൂലൈയിലെ (4.60 ലക്ഷം) വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ (3.3 ലക്ഷം യൂണിറ്റ്) ജിഎസ്ടി നിരക്കുകള്‍ കുറച്ചേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് മാസത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം വാഹനം വാങ്ങുന്നത് മാറ്റിവെച്ചതും വില്‍പനയെ സ്വാധീനിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പനയില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2025 ഓഗസ്റ്റില്‍ 1,31,278 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 1,76,971 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.
അതേസമയം തൊട്ടു മുന്‍പത്തെ മാസമായ 2026 ജൂലൈയിലെ വില്‍പനയുമായി(1,96,203) താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റിലെ ഡീലര്‍ വിതരണത്തില്‍ കുറവുണ്ടായിട്ടുമുണ്ട്.
കയറ്റുമതിയും മറ്റു കാര്‍ നിര്‍മാതാക്കള്‍ക്കുള്ള വിതരണവും ഉള്‍പ്പെടുത്തിയാല്‍ മാരുതി സുസുക്കിയുടെ ആകെ വാഹന വില്‍പന 2026 ഓഗസ്റ്റില്‍ 21 ശതമാനത്തോളം ഉയര്‍ന്ന് 2,19,220 യൂണിറ്റുകളിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,80,683 യൂണിറ്റുകളായിരുന്നു.
അതേസമയം 2026 ജൂലൈയിലെ ആകെ വില്‍പനയായ 2,41,421യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓഗസ്റ്റില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ഉയര്‍ന്ന വില്‍പന നിരക്ക് കാരണം നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവുണ്ടാവുമെന്നും മാരുതി സുസുക്കി പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും ഓഗസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ആകെ വില്‍പന കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് 56 ശതമാനം വര്‍ധിച്ച് 67,753 യൂണിറ്റുകളിലെത്തി. ഇതില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പന മാത്രം 65,253 യൂണിറ്റുകളാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 41,001 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 59.15 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണിത്. ഇവി വിഭാഗത്തിലും ടാറ്റ കരുത്ത് തെളിയിച്ചു. 2025 ഓഗസ്റ്റില്‍ 8,540 ഇവികള്‍ വിറ്റെങ്കില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 94 ശതമാനം വളര്‍ച്ചയോടെ ആഭ്യന്തര- രാജ്യാന്തര വിപണികളിലായി 16,549 ഇവികളാണ് ടാറ്റ വിറ്റത്.
മറ്റൊരു തദ്ദേശീയ വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ 50 ശതമാനം വളര്‍ച്ചയോടെ 59,257 വാഹനങ്ങള്‍ വിറ്റഴിച്ചു. കയറ്റുമതി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ വില്‍പന 61,167 യൂണിറ്റുകളിലേക്കെത്തി.
മറ്റൊരു മുന്‍ നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയും ഓഗസ്റ്റില്‍ നേട്ടമുണ്ടാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര-രാജ്യാന്തര വിപണികളിലായി 8.8 ശതമാനം വളര്‍ച്ചയോടെ 65,796 വാഹനങ്ങളാണ് ഹ്യുണ്ടേയ് ഡീലര്‍ഷിപ്പുകളിലേക്കെത്തിച്ചത്. ഇതില്‍ ആഭ്യന്തര വിപണിയിലെ വില്‍പന 23.6 ശതമാനം ഉയര്‍ന്ന് 54,396 യൂണിറ്റുകളിലേക്കെത്തി.
11,400 വാഹനങ്ങളാണ് ഹ്യുണ്ടേയ് കഴിഞ്ഞ മാസം വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്. കിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പനയാണ് രേഖപ്പെടുത്തിയത്. 48 ശതമാനം വര്‍ധനവോടെ 29,042 വാഹനങ്ങള്‍ കമ്പനി വിറ്റു. 2025 ഓഗസ്റ്റില്‍ 19,608 യൂണിറ്റുകളായിരുന്നു കിയയുടെ വില്‍പന.
മറ്റൊരു പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഓഗസ്റ്റില്‍ 10 ശതമാനം വളര്‍ച്ച നേടി. ഇതില്‍ ആഭ്യന്തരവിപണിയില്‍ 11 ശതമാനം വര്‍ധനവോടെ 28,410 യൂണിറ്റുകളും കയറ്റുമതിയില്‍ രണ്ടു ശതമാനം വര്‍ധനവോടെ 4,432 യൂണിറ്റുകളുമാണുള്ളത്.
ആഭ്യന്തര വില്‍പനയില്‍ ടൊയോട്ടയെ മറികടക്കുന്ന നേട്ടമാണ് കിയ ഓഗസ്റ്റില്‍ നടത്തിയത്.






