
ലോകത്തെ നടക്കിയ എയര്‍ ഇന്ത്യ അപകടത്തെ തുടര്‍ന്ന് നിലവിലെ ഉടമസ്ഥരായ ടാറ്റയുടെ നിരവധി ഓഹരികള്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെ നിക്ഷേപകരെ ആകര്‍ഷിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിസ് (ടിസിഎസ്).
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടിസിഎസിന്റെ വിപണിമൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വിപണി മൂല്യം കുതിച്ചു
ജൂണ്‍ 9 മുതല്‍ 13 വരെയുള്ള അഞ്ച് ദിവസത്തിനുള്ളില്‍ ടിസിഎസിന്റെ വിപണി മൂല്യം 22,215.06 കോടി രൂപ ഉയര്‍ന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 12,47,190.95 കോടി രൂപയാണ്.
ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും, എച്ച്ഡിഎഫ്സി ബാങ്കിനും ശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്ഥാപനമായി ഈ ടാറ്റ സംരംഭം മാറി.
ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തെ തുടര്‍ന്നു ആഗോള- പ്രാദേശിക ഓഹരി വിപണികള്‍ സമ്മര്‍ദം നേരിടുന്ന സമയത്തു കൂടിയാണ് ഈ മുന്നേറ്റം. എയര്‍ ഇന്ത്യ അപകടം ടാറ്റ ഓഹരികളില്‍ സൃഷ്ടിച്ച വെല്ലുവിളിയും കാണാതെ പോകരുത്.
എന്‍വിഡിയ കൂട്ടുകെട്ട് നേട്ടമായി
സമ്മര്‍ദങ്ങള്‍ക്കിടിയില്‍ ടിസിഎസിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത് യുഎസ് ടെക് ഭീമന്‍മാരുമായ എന്‍വിഡിയയുമായുള്ള കരാറാണ്. ടെലികോം പ്രവര്‍ത്തനങ്ങളും, നെറ്റ്വര്‍ക്ക് മാനേജ്മെന്റും മെച്ചപ്പെടുത്തുന്ന ഏജന്റിക് എഐ സൊല്യൂഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനാണു ഈ കരാര്‍.
എന്‍വിഡിയയുമായുള്ള ദീര്‍ഘകാല സഹകരണം പ്രയോജനപ്പെടുത്തി ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തിനായി എഐ- നേറ്റീവ് ഏജന്റുമാരുടെ ഒരു ശേഖരം രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചതായി കമ്പനി വ്യക്തമാക്കി.
ബിഎസ്എന്‍എല്‍ വിപുലീകരണം
രാജ്യത്ത് പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ വിപുലീകരണം കൈകാര്യം ചെയ്യുന്നത് ടിസിഎസും, ടാറ്റ അനുബന്ധ സ്ഥാപനമായ തേജസ് നെറ്റ്‌വര്‍ക്കുമാണ്.
എന്‍വിഡിയ കരാര്‍ ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി വിപ്ലവങ്ങള്‍ക്കു ടിസിഎസിന് കരുത്തുപകരും. നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി ഒരുലക്ഷം ടവറുകള്‍ കൂടി സ്ഥാപിക്കാര്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. ഇതും ടിസിഎസിന് നേട്ടമാണ്.
ടിസിഎസ് ഒറ്റനോട്ടത്തില്‍
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുന്‍നിര ഐടി കമ്പനി. ആഗോള പ്ലെയറാണ്. 50 വര്‍ഷത്തിലേറെയായി ലോകത്തിലെ ഏറ്റവും വലിയ ബിസിനസുകളുമായി അവരുടെ പരിവര്‍ത്തന യാത്രകളില്‍ പങ്കാളിത്തം വഹിക്കുന്നു.
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ബിസിനസ്, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ് സേവനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാണ്.
നിലവിലെ ഓഹരി വില: 3,446 രൂപ
52 വീക്ക് ഹൈ/ ലോ: 4,592 രൂപ/ 3,056 രൂപ
സ്‌റ്റോക്ക് പിഇ: 25.7
ബുക്ക്‌വാല്യൂ: 262 രൂപ
ഡിവിഡന്റ്: 1.74%
ആര്‍ഒസിഇ: 64.6%
ആര്‍ഒഇ: 52.4%
മുഖവില: 1 രൂപ