
കൊച്ചി: മാർച്ചിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പനയിൽ വൻ കുതിപ്പ് ദൃശ്യമായി. ഫെഡറേഷൻ ഒഫ് ഓട്ടോ ഡീലേഴ്‌സ് അസോസയേഷന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ റീട്ടെയ്ൽ വാഹന വില്പന 18 ശതമാനം വളർച്ച നേടി.
മാരുതി സുസുക്കി 152718 വാഹനങ്ങളാണ് മാർച്ചിൽ വിറ്റഴിച്ചത്. ഹ്യുണ്ടായ് 53001 വാഹനങ്ങളുടെ വില്പന നേടി. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം 50105 വാഹനങ്ങളാണ് വില്പന നടത്തിയത്.
ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ ഈ കാലയളവിൽ 18 ശതമാനവും മുചക്ര വാഹനങ്ങളിൽ 37 ശതമാനവും വർദ്ധന നേടി.
പാസഞ്ചർ വാഹനങ്ങളുടെ വില്പന മാർച്ചിൽ 13 ശതമാനം വർദ്ധനയോടെ നാല് ലക്ഷത്തിലധികം യൂണിറ്റുകളായി റെക്കാഡിട്ടു. സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിലുണ്ടായ മികച്ച മുന്നേറ്റമാണ് വിപണിക്ക് കരുത്തായത്.
കമ്പനികൾ നവീകരിച്ച മോഡലുകൾ പുറത്തിറക്കിയതും വാഹനങ്ങളുടെ ലഭ്യതയും വിജയകരമായ വിപണന തന്ത്രങ്ങളും എസ്.യു.വികളുടെ വില്പന കൂടാൻ സഹായിച്ചു, വിവാഹ സീസൺ ആരംഭിച്ചതും കാർ വിപണിക്ക് ആവേശം പകർന്നു.
സെപ്തംബറിന് ശേഷം വായ്പകളുടെ പലിശ കുറയുന്നതോടെ വാഹന വിപണി കൂടുതൽ സജീവമാകുമെന്നാണ് ഡീലർമാർ പ്രതീക്ഷിക്കുന്നത്.
മുതൽ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റമോട്ടോഴ്‌സ്, ഓഡി, ഹുണ്ടായ് തുടങ്ങിവയെല്ലാം വിവിധ മോഡലുകളുടെ വില വർദ്ധിപ്പിച്ചെങ്കിലും വിപണിയിൽ ആവേശം കുറഞ്ഞിട്ടില്ല.
സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റം മൂലം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കൂടുകയാണെന്ന് ഡീലർമാർ പറയുന്നു.
നാണയപ്പെരുപ്പ നിയന്ത്രണ നടപടികളുടെ ഭാഗമായി റിസർവ്ബാങ്ക് വായ്പകളുടെ പലിശ ഗണ്യമായി ഉയർത്തിയതും വിപണിയെ ബാധിച്ചിട്ടില്ല.