
സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആകര്‍ഷകമായ പരിപാടികളാണ് സംസ്ഥാന സർക്കാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് സമ്മിറ്റില്‍ ലഭിച്ചതെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്.
സംസ്ഥാനത്തെ സംരംഭകത്വ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്. ഈ സാമ്പത്തിക വർഷം എംഎസ്എംഇ മേഖലയ്ക്കുള്ള ബാങ്ക് വായ്പ ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യു ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ എംഎസ്എംഇ മേഖലയ്ക്ക് 2024 ഡിസംബർ 31 വരെ 92,175.63 കോടി രൂപയുടെ വായ്പകൾ അനുവദിച്ചതായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ഡിസംബർ 31 ലെ 66,876 കോടി രൂപയിൽ നിന്ന് 38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംരംഭകര്‍ക്ക് ബാങ്ക് വായ്പകൾ ലഭിക്കുന്നത് നേരത്തെ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എംഎസ്എംഇ മേഖലയോടുള്ള ബാങ്കുകളുടെ സമീപനത്തിലുളള വ്യത്യാസമാണ് ലോണ്‍ അനുവദിക്കുന്നതില്‍ കാണാന്‍ കഴിയുന്നത്.
സാമ്പത്തികമായ പ്രതിസന്ധികളാണ് മിക്ക ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും മുന്നോട്ടുളള ചലനത്തിന് തടസമാകുന്നത്.
ബാങ്കുകള്‍ ലോണ്‍ നല്‍കുന്നതിന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഈ മേഖലയ്ക്ക് പുതു ഊര്‍ജം നല്‍കുന്നതിന് സഹായകരമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.