
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ 2026 ജനുവരി മാസത്തിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വളർച്ചയോടെ ആകെ 5,74,411 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
ഇതിൽ 5,19,579 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 54,832 യൂണിറ്റുകൾ കയറ്റുമതിയിലുമാണ് രേഖപ്പെടുത്തിയത്. 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 52,53,205 യൂണിറ്റുകളുടെ വിൽപന പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചു.
വിൽപ്പനക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും ഹോണ്ട സജീവമായിരുന്നു. “എല്ലാവർക്കും സുരക്ഷ” എന്ന കാഴ്‌ചപ്പാടിൻ്റെ ഭാഗമായി ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് മലപ്പുറം ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
മലപ്പുറത്ത് നടന്ന റോഡ് സുരക്ഷാ കൺവെൻഷനിൽ അധ്യാപകരെയും പ്രിൻസിപ്പൽമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളിൽ സുരക്ഷിതമായ റോഡ് ശീലങ്ങൾ വളർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു.
കൂടാതെ ഈറോഡ്, ബിലാസ്പൂർ, മൊറാദാബാദ്, ഉധംപൂർ എന്നിവിടങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ച് ഹോണ്ട തങ്ങളുടെ ശൃംഖല വിപുലീകരിക്കുകയും ചെയ്‌തു.
നൂതന സാങ്കേതികവിദ്യയിലൂടെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കി ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.






