മുംബൈ: ടെലികോം ഓപ്പറേറ്റർ, ഇപിസി (എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) കമ്പനി എന്നിവയിൽ നിന്ന് 73.39 കോടി രൂപ മൂല്യമുള്ള ഓർഡറുകൾ ലഭിച്ചതായി ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ നിർമ്മാതാവായ എച്ച്എഫ്സിഎൽ ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. ലൈസൻസില്ലാത്ത ബാൻഡ് റേഡിയോകൾ (യുബിആർ), ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവയുടെ വിതരണത്തിനുള്ള ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. ഇതിൽ ആദ്യത്തേത്, രാജ്യത്തെ ഒരു പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർക്ക് യുബിആറുകൾക്കൊപ്പം അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള 51.09 കോടി രൂപയുടെ ഓർഡറാണ്. ഇതിന്റെ വിതരണം സെപ്റ്റംബറിൽ നടത്തുമെന്ന് കമ്പനി അറിയിച്ചു.
അതേസയം, കമ്പനിക്ക് ലഭിച്ച രണ്ടാമത്തെ ഓർഡർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഇപിസി കമ്പനിയിൽ നിന്നുള്ള 22.30 കോടി രൂപയുടെ ഓർഡറാണ്. ഈ ഓർഡർ പ്രകാരം കമ്പനി ഈ മാസം അവസാനത്തോടെ കേബിളുകൾ വിതരണം ചെയ്യും. എച്ച്എഫ്സിഎല്ലിന് ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ നിർമ്മാണ കേന്ദ്രമുണ്ട്. നടപ്പ് പാദത്തിൽ കമ്പനിക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓർഡറാണിത്. കഴിഞ്ഞ മാസം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിതരണം ചെയ്യുന്നതിനായി സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് 237.25 കോടി രൂപയുടെ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.96 ശതമാനം ഉയർന്ന് 65 രൂപയിലാണ് വ്യാപാരം നടത്തിയത്.