മുംബൈ: മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത 8 ഓഹരികളില്‍ പകുതിയും നഷ്ടത്തിലായെന്ന് കണക്ക്. പകുതിയെണ്ണം നേരിയ നേട്ടം മാത്രമാണ് നിലനിര്‍ത്തുന്നത്. ആക്‌സിസ് കാപിറ്റലാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം നഷ്ടം തുടരുമ്പോഴും 66 ഓളം കമ്പനികള്‍ ഐപിഒയ്ക്കായി തയ്യാറെടുക്കുകയാണ്. മെയ്മാസത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വലിയ നഷ്ടം നേരിടേണ്ടിവന്നത് പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാ (എല്‍ഐസി)ണ്. കഴിഞ്ഞമാസം നടന്ന ഐപിഒയിലൂടെ എല്‍ഐസിയിലെ തങ്ങളുടെ 3.5 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. ഇതുവഴി 20,557 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്.
തുടര്‍ന്ന് 8.62 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 867.20 രൂപയില്‍ സര്‍ക്കാര്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു.949 രൂപയായിരുന്നു ഇഷ്യു വില നിശ്ചയിച്ചിരുന്നത്. നിലവില്‍ 810 രൂപയിലാണ് ഓഹരിയുള്ളത്.
ഐപിഒ വഴി 1400 കോടി സമാഹരിച്ച കാംപസ് ആക്ടീവ് വെയറാണ് മെയ്മാസത്തില്‍ വിപണിയിലെത്തിയ ആദ്യകമ്പനി. ലിസ്റ്റിഗിലെ നേട്ടം മാസാവസാനത്തിലും തുടരാന്‍ കമ്പനി ഓഹരികള്‍ക്കായി. അതേസമയം പിന്നീട് ലിസ്റ്റ് ചെയ്ത റെയ്ന്‍ബോ ചില്‍ഡ്രന്‍സ് മെഡി കെയര്‍ ലിസ്റ്റിംഗില്‍ 7 ശതമാനം ഇടിവ് നേരിടുകയും മാസാവസാനം നഷ്ടം 9 ശതമാനമാക്കുകയും ചെയ്തു.
അടുത്ത ലിസ്റ്റിംഗ് നിക്ഷേപകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന എല്‍ഐസിയുടേതായിരുന്നു. 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഇപ്പോള്‍ 14 ശതമാനം താഴ്ചയിലാണുള്ളത്. 5 ശതമാനം പ്രീമിയത്തില്‍ വിപണിയിലെത്തിയെങ്കിലും പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡൈ്വസറി സര്‍വീസസ് ഓഹരികള്‍ മാസാവസാനം 7 ശതമാനം നഷ്ടം വരിച്ചു.
പിന്നീട് വന്ന ഡല്‍ഹിവെരിയുടെ ഓഹരികള്‍ ലിസ്റ്റിംഗില്‍ ഒരു ശതമാനം ഉയര്‍ന്നു. മാസാവസാനം 9 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിയ്ക്കായി. വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ് തുടക്കത്തില്‍ 3 ശതമാനം നേട്ടത്തിലായെങ്കിലും പിന്നീട് നേട്ടം ഒരു ശതമാനമാക്കി കുറച്ചു. പരദീപ് ഫോസ്‌ഫേറ്റ്‌സിന് ലിസ്റ്റിംഗിലെ 4 ശതമാനം നേട്ടം നിലനിര്‍ത്താനായി.
കഴിഞ്ഞയാഴ്ച എത്തിയ ആഡംബര വാച്ച് വിതരണക്കാരായ എത്തോസിന്റെ ഓഹരികള്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്. അതേസമയം നഷ്ടങ്ങള്‍ തുടരുമ്പോഴും 66 കമ്പനികള്‍ പൊതുവിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണെന്ന് ആക്‌സിസ് കാപിറ്റല്‍ പറയുന്നു. സെബിയുടെ അനുമതി കമ്പനികള്‍ ഇതിനോടകം നേടിയിട്ടുണ്ട്.
ആദാര്‍ ഹൗസിംഗ് ഫിനാന്‍സ്, ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍, ടിവിഎസ് സപ്ലെ ചെയ്ന്‍ സൊല്യൂഷന്‍സ്, ഇമാജിന്‍ മാര്‍ക്കറ്റിംഗ്(ബോട്ട്), ഫാബ്ഇന്ത്യ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ്, ഇനോക്‌സ് ഗ്രീന്‍ എനര്‍ജി, കാപിറ്റല്‍ സ്‌മോള്‍ ഫിനാ3ന്‍സ് ബാങ്ക്, സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍, വിഎല്‍സിസി ഹെല്‍ത്ത്‌കെയര്‍, വണ്‍ മൊബിക്വിക്ക് സിസ്റ്റംസ്, ഗോ എയര്‍ലൈന്‍സ് എന്നിവ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പ്രമുഖ കമ്പനികളാണ്.