
മുംബൈ: ബെൽജിയം ആസ്ഥാനമായുള്ള പിഎഫ്എച്ച് ബിവിയുമായി (കീസ്ട്രാക്ക്) സംയുക്ത സംരംഭ (ജെവി) കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ച് ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 20 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 235.35 രൂപയിലെത്തി.
അപ്പോളോയും കീസ്ട്രാക്കും സംയുക്തമായി സഹകരിച്ച് കാർഷിക-യന്ത്രസാമഗ്രികളുടേയും ഘടകഭാഗങ്ങളുടേയും ബിസിനസ്സ് നടത്തിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നു. ഇതിനാണ് കമ്പനികൾ ജെവി കരാറിൽ ഏർപ്പെട്ടത്. നിർദ്ദിഷ്ട സംയുക്ത സംരംഭം കാര്യക്ഷമത വർദ്ധിപ്പിക്കുകയും പരസ്പരം സമന്വയം പ്രയോജനപ്പെടുത്തി വിപണിയിൽ മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ കമ്പനിയെ അനുവദിക്കുകയും ചെയ്യും.
ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസ് സംയുക്ത സംരംഭത്തിന്റെ 2 ലക്ഷം ഇക്വിറ്റി ഓഹരികൾ 10 രൂപ ഇഷ്യു വിലയിൽ സബ്‌സ്‌ക്രൈബ് ചെയ്യും. അതനുസരിച്ച്, ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസിന്റെ ഡയറക്ടർമാരിൽ ഒരാൾ അപ്പോളോയുടെ പ്രതിനിധിയായി പുതിയ സംയുക്ത സംരംഭക കമ്പനിയുടെ ബോർഡിൽ ഉണ്ടാകും. ഇത് കൂടാതെ അധിക സബ്‌സ്‌ക്രിപ്‌ഷൻ ഘട്ടം ഘട്ടമായി നടത്തുമെന്ന് ഗുജറാത്ത് അപ്പോളോ പ്രസ്താവനയിൽ പറഞ്ഞു.
അപ്പോളോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ മുൻനിര കമ്പനിയാണ് ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസ്. ഇത് ക്രഷിംഗ്, സ്ക്രീനിംഗ് ഉപകരണങ്ങളുടെ പ്രമുഖ നിർമ്മാതാക്കളാണ്.