
തിരുവനന്തപുരം: ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കി വർധിപ്പിച്ചെങ്കിലും ലോട്ടറി ടിക്കറ്റുകൾക്ക് വില കൂട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഉറപ്പ്. ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
പകരം സമ്മാനം, ഏജൻസി കമ്മിഷൻ, ഏജൻസി സമ്മാനം, സർക്കാരിന്റെ ലാഭം എന്നിവയിൽ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ രേഖ തയാറാക്കി അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ആഴ്ചയിൽ 7 ലോട്ടറി ടിക്കറ്റുകളാണ് സർക്കാർ നറുക്കെടുക്കുന്നത്. ബംപർ ഒഴികെയുള്ളവയുടെ 1.8 കോടി ടിക്കറ്റുകൾ അച്ചടിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. അടുത്തിടെ സമ്മാനഘടന പരിഷ്കരിച്ചിരുന്നു. ഇതു വിൽപന ഉയരുന്നതിന് സഹായകമായി. ഈ അവസ്ഥയിൽ ഇനിയൊരു ഘടനാമാറ്റം വേണ്ടെന്നാണു വിവിധ ട്രേഡ് യൂണിയനുകളുടെ നിർദേശം.
ഇപ്പോൾ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന 28% ജിഎസ്ടിയിൽ 14% സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. 2% ലാഭത്തിനു പുറമേ സർക്കാരിനു ലഭിക്കുന്ന അധികവരുമാനമാണിത്.
ജിഎസ്ടി 40 ശതമാനമാക്കുമ്പോൾ സർക്കാരിന്റെ നികുതി വരുമാനത്തിൽ 6% വർധനയുണ്ടാകും. ഇൗ 6% തുകയിൽ ഒരു വിഹിതം ലോട്ടറി നടത്തിപ്പിന് കൈമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ലോട്ടറി ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജും പങ്കെടുത്തു.
ലോട്ടറി ഘടന ഇപ്പോൾ
സമ്മാനം : 60%
ഏജൻസി കമ്മിഷൻ : 25%
ഏജൻസി സമ്മാനം : 12%
ക്ഷേമനിധി വിഹിതം : 1%
സർക്കാരിന്റെ ലാഭം : 2%