
ന്യൂഡല്‍ഹി: പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും ഇന്ന് മുതൽ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം ഇന്ന് നിലവിൽ വരും. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി ഇന്ന് പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് ഇന്ന് പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും. പ്രതിദിനം 5000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ആശുപത്രി റൂമുകള്‍ക്ക് 5 ശതമാനം ജിഎസ്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ആശുപത്രി ചെലവുകള്‍ വര്‍ധിക്കുമെന്നും ജിഎസ്ടി പാലിക്കല്‍ ആരോഗ്യപരിപാലന മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഹോസ്പിറ്റല്‍ അസോസിയേഷനുകള്‍ പറയുന്നു. ആശുപത്രി കിടക്കകള്‍ക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയത് ‘പുനര്‍വിചിന്തനം’ നടത്തണമെന്നും അല്ലെങ്കില്‍ രോഗികളുടെ മേല്‍ അധികഭാരം ചുമത്തുന്നതിന് തുല്യമാകുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ജനസംഖ്യയുടെ 62%ലധികം പേരും കിടത്തിച്ചികിത്സയ്ക്കായി സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും അധിക നികുതികള്‍ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ അപ്രാപ്യമാക്കുമെന്നാണ് ഇവരുടെ വാദം. 5000 രൂപയുടെ മുറി വാടകയ്ക്ക് പ്രതിദിനം 250 രൂപയാണ് ജിഎസ്ടി തുക.
ആശുപത്രിയില്‍ തങ്ങുന്നതിന്റെ ദൈര്‍ഘ്യവും മുറിയുടെ വാടകയും അനുസരിച്ച് ജിഎസ്ടി തോത് ഉയരും. 10,000 രൂപയാണ് മുറിവാടകയെങ്കില്‍ 500 രൂപ ജിഎസ്ടി നല്‍കേണ്ടിവരും. ആശുപത്രി വാസങ്ങള്‍ ആഡംബര ചെലവുകളല്ല, മറിച്ച് ഒരു പ്രതിസന്ധിയും അവശ്യസേവനവുമാണെന്ന് ആശുപത്രി അസോസിയേഷനുകള്‍ വാദിക്കുന്നു. രോഗിയ്ക്ക് മുകളില്‍ കൂടുതല്‍ ബില്‍ ചുമത്തേണ്ടിവരുമെന്നത് ആശുപത്രി അധികൃതരെ വലയ്ക്കുന്നു.
എന്നാല്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രതിദിനം 5000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള മുറികളില്‍ മാത്രമേ 5% ജിഎസ്ടി ഈടാക്കൂ എന്നും ഇത്തരം കേസുകള്‍ എണ്ണത്തില്‍ കുറവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അത്തരം നികുതികള്‍ അധഃസ്ഥിതരെ ബാധിക്കില്ലെന്നും അവര്‍ പറയുന്നു.
ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ സേവനങ്ങളും മെഡിക്കല്‍ പ്രാക്ടീഷണര്‍, പാരാമെഡിക്കലുകള്‍, എന്നിവരുടെ സേവനങ്ങളും നിലവില്‍ ജിഎസ്ടി മുക്തമാണ്.