
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുവഴി ഏകദേശം 375 ഉത്പന്നങ്ങളുടെ വിലകുറയും.
അവശ്യവസ്തുക്കള്‍, മരുന്നുകള്‍, വാഹനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവയുള്‍പ്പടെയാണിത്. ദൈനംദിനാവശ്യവസ്തുക്കളായ നെയ്യ്, പനീര്‍, ഉപ്പ്, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കാപ്പി, ഐസ്‌ക്രീം എന്നിവയും ടെലിവിഷന്‍, എയര്‍ കണ്ടീഷനറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നീ ഉപകരണങ്ങളും വിലകുറയുന്നവയില്‍ ഉള്‍പ്പെടുന്നു.
അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില ഇതിനോടകം കുറഞ്ഞിട്ടുണ്ട്. മരുന്നുകള്‍ മിക്കവയും ഇനി വിലക്കുറവില്‍ ലഭ്യമാകും. കൂടാതെ ആരോഗ്യസംരക്ഷണ വസ്തുക്കളായ ഗ്ലൂക്കോമീറ്ററുകള്‍, ഡയഗ്നോസ്റ്റിക്ക് കിറ്റുകള്‍ പോലുള്ളവയുടെ ജിഎസ്ടി 5 ശതമാനമായി കുറഞ്ഞു. ഇതോടെ കുടുംബങ്ങളുടെ ചികിത്സാചെലവില്‍ മാറ്റമുണ്ടാകും. ചില്ലറ വില്‍പന വില പരിഷ്‌ക്കരിക്കാനും നികുതി ഇളവ് പ്രദര്‍ശിപ്പിക്കാനും ഫാര്‍മസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സിമന്റ് ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാകുന്നത് വീടുവാങ്ങുന്നവര്‍ക്കാശ്വാസമാണ്. വാഹന വിപണിയ്ക്കാണ് യഥാര്‍ത്ഥ ഉത്സവകാലം. ചെറുകാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇനി 18 ശതമാനവും വലിയ കാറുകള്‍ക്ക് 28 ശതമാനവും നികുതി നല്‍കിയാല്‍ മതിയാകും.
നിത്യോപയോഗ അവശ്യവസ്തുക്കളായ ഹെയര്‍ ഓയില്‍, സോപ്പുകള്‍, ഷാമ്പൂ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവ 5 ശതമാനം മാത്രം ജിഎസ്ടി ആകര്‍ഷിക്കുമ്പോള്‍ ടാല്‍കം പൗഡര്‍, ഷേവിംഗ് ക്രീം, ഫെയ്‌സ് പൗഡര്‍, ആഫ്റ്റര്‍ഷേവ് എന്നിവയ്ക്ക് നിലവിലെ നിരക്ക് തന്നെയാണ് ബാധകമാകുക.
പരിഷ്‌ക്കരണം, ജിഎസ്ടി സ്ലാബുകള്‍ മൂന്നെണ്ണമായി കുറയ്ക്കുന്നു. അവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, വാഹനം എന്നിവയ്ക്ക് 5 മുതല്‍ 18 ശതമാനം വരെ ജിഎസ്ടിയാണ്. അത്യാഢംബര വസ്തുക്കള്‍ക്ക് ഇത് 40 ശതമാനവും പുകയില തുടങ്ങിയ ഹാനികരമായ വസ്തുക്കള്‍ക്ക് 28 ശതമാനവുമായി. നേരത്തെ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ചരക്ക്, സേവന നികുതിയുണ്ടായിരുന്നത്.
പുതിയ മാറ്റം, സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഏകദേശം 2 ലക്ഷം കോടി ഒഴുക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതുവഴി ഉപഭോഗം ഇരിട്ടിയാകുമെന്നും സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.