
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 15,851 കോടി രൂപയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവാണിത്. അതേസമയം കണ്ടെത്തിയ വ്യാജസ്ഥാപനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നു.
3558 വ്യാജ സ്ഥാപനങ്ങളെയാണ് 2026 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മുന്‍വര്‍ഷം ഇത് 3840 എണ്ണമായിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ പാനല്‍ നിലവില്‍ പ്രത്യേക മേഖലകളിലെ നികുതി വെട്ടിപ്പിനെക്കുറിച്ച് പഠിക്കുകയാണ്. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) തട്ടിപ്പ് പരിശോധിക്കാനുള്ള വഴികളും പാനല്‍ പരിശോധിക്കുന്നു.
പ്രതിമാസം ശരാശരി 1,200 വ്യാജ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നുണ്ടെന്ന് ജിഎസ്ടി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കണ്ടെത്തിയ വ്യാജ സ്ഥാപനങ്ങള്‍ എണ്ണത്തില്‍ കുറവാണ്. ഇത് ഫലപ്രദമായ നടപടികളെക്കുറിക്കുന്നു, ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 3,558 വ്യാജ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട 15,851 കോടി രൂപയുടെ ഐടിസി തട്ടിപ്പ് കണ്ടെത്തി. 53 പേരെ അറസ്റ്റ് ചെയ്യുകയും 659 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു.
ചരക്ക് സേവന നികുതി (GST) പ്രകാരം, വിതരണക്കാരില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് ബിസിനസുകള്‍ അടയ്ക്കുന്ന നികുതികളെയാണ് ഐടിസി എന്ന് പറയുന്നത്. അന്തിമ ഔട്ട്പുട്ട് നികുതി അടയ്ക്കുന്ന സമയത്ത് ഈ നികുതി ഒരു ക്രെഡിറ്റായോ കിഴിവായോ ക്ലെയിം ചെയ്യാം.
അതേസമയം വ്യാജ സ്ഥാപനങ്ങള്‍ തുടങ്ങി അതിന്റെ പേരില്‍ ഐടിസി ക്ലെയിം ചെയ്യുന്നത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.