മുംബൈ: ഗുജറാത്തിലെ ലാമിനേറ്റ് നിർമ്മാണ കേന്ദ്രമായ ബ്ലൂം ഡെക്കോറിനെ ഗ്രീൻലാം ഇൻഡസ്ട്രീസ് ഏറ്റെടുത്തു. ഈ ലാമിനേറ്റ് നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം 3.4 ദശലക്ഷം ഷീറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ബ്ലൂം ഡെക്കോറിന്റെ ലാമിനേറ്റ് ഡിവിഷന്റെ മുഴുവൻ ഭൂമി, കെട്ടിടം, പ്ലാന്റ്, മെഷിനറി എന്നിവ ഈ ഏറ്റെടുക്കൽ ഇടപാടിൽ ഉൾപ്പെടുന്നു. ഈ ഏറ്റെടുക്കലിനായി കമ്പനി ചിലവഴിച്ചത് 36 കോടി രൂപയാണ്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഈ ഏറ്റെടുക്കലോടെ ഗ്രീൻലാമിന് ഇപ്പോൾ ഇന്ത്യയിൽ ബെഹ്‌റോർ (രാജസ്ഥാൻ), നലഗഡ് (ഹിമാചൽ പ്രദേശ്), നായിഡുപേട്ട (ആന്ധ്ര പ്രദേശ് ), പ്രാന്റിജ് (ഗുജറാത്ത്) എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന നാല് തന്ത്രപ്രധാനമായ ലാമിനേറ്റ് നിർമ്മാണ കേന്ദ്രങ്ങളുണ്ടാകും.
ഈ ഏറ്റെടുക്കൽ 24.521 ദശലക്ഷം ഷീറ്റുകളുടെ മൊത്തത്തിലുള്ള ശേഷിയുള്ള ലാമിനേറ്റ് വ്യവസായത്തിൽ മുൻനിരയിലെത്താൻ ഗ്രീൻലാമിനെ സഹായിക്കും. അർദ്ധ-നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നെറ്റ്‌വർക്ക് വിപുലീകരിക്കാനും അതിന്റെ നിലവിലെ ഓഫറുകൾക്ക് പ്രയോജനം നൽകാനും ഈ ഏറ്റെടുക്കൽ കമ്പനിയെ അനുവദിക്കും. ഗ്രീൻലാം ഈ പ്ലാന്റ് നവീകരിക്കുകയും ശേഷി വികസിപ്പിക്കുകയും ചെയ്യും. ഈ നവീകരണത്തോടെ നിലവിലെ പ്ലാന്റ് ഉത്പാദനം പ്രതിവർഷം 3.4 ദശലക്ഷം ലാമിനേറ്റ് ഷീറ്റുകളിൽ നിന്ന് 5.4 ദശലക്ഷം ഷീറ്റുകളായി ഉയരും.
ഗ്രീൻലാം ഇൻഡസ്ട്രീസ് ഉയർന്ന നിലവാരമുള്ള ഉപരിതല പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. അത് പാർപ്പിട, വാണിജ്യ ഇടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും മനോഹരമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതിന്റെ ബ്രാൻഡുകളിൽ ഡീകോവുഡ്, മിക്കാസ, ന്യൂമിക, ഗ്രീൻലാം ക്ലാഡ്‌സ്, ഗ്രീൻലാം സ്റ്റർഡോ, ഗ്രീൻലാം എന്നിവ ഉൾപ്പെടുന്നു. ഏകീകൃത അടിസ്ഥാനത്തിൽ ഗ്രീൻലാം ഇൻഡസ്ട്രീസിന്റെ അറ്റാദായം 17.4% ഇടിഞ്ഞ് 25.56 കോടി രൂപയായി കുറഞ്ഞിരുന്നു.
ഗ്രീൻലാം ഇൻഡസ്ട്രീസിന്റെ ഓഹരികൾ ബിഎസ്ഇയിൽ 2.29 ശതമാനം ഉയർന്ന് 319.40 രൂപയിൽ വ്യാപാരം അവസാനിച്ചു.