
ന്യൂഡല്‍ഹി: സ്റ്റോക്കുകളുടെ എംആര്‍പി പരിഷ്‌കരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉപഭോക്തൃ കാര്യ വകുപ്പ് അനുമതി നല്‍കി. ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ സ്റ്റോക്കുകള്‍ക്ക് ബാധകമാക്കുകയാണ് ലക്ഷ്യം. യഥാര്‍ത്ഥ വിലയും പുതുക്കിയ വിലയും തമ്മിലുള്ള വ്യത്യാസം നികുതി വര്‍ദ്ധനവിന്റെയോ കുറവിന്റെയോ വ്യാപ്തിയില്‍ കൂടുതലാകരുത് എന്ന നിബന്ധനയുണ്ട്.
നിര്‍മ്മാതാക്കള്‍, പാക്കുചെയ്യുന്നവര്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ ഒന്നോ അതിലധികമോ പത്രങ്ങളില്‍ കുറഞ്ഞത് രണ്ട് പരസ്യങ്ങളെങ്കിലും നല്‍കുകയും വിലയിലെ മാറ്റം സൂചിപ്പിച്ചുകൊണ്ട് ഡീലര്‍മാര്‍ക്കും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാര്‍ക്കും നോട്ടീസ് നല്‍കുകയും വേണം.
തീരുമാനം 2025 ഡിസംബര്‍ 31 വരെയോ, സ്റ്റോക്ക് തീരുന്നത് വരേയോ, ഏതാണോ ആദ്യം വരുന്നത് അതുവരെ സാധുവാണ്. തീര്‍ന്നുപോകാത്ത പാക്കേജിംഗ് മെറ്റീരിയലുകളും റാപ്പുറുകളും തിരുത്തലുകള്‍ വരുത്തിയ ശേഷം അത് തീരുന്നത് വരെ ഉപയോഗിക്കാം.
പുതുക്കിയ ജിഎസ്ടി നടപ്പിലാക്കുന്ന തീയതി നീട്ടണമെന്ന് കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിലതിരുത്തുന്നതിന് പകരം കൂടുതല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഭാരം വര്‍ധിപ്പിക്കാനുള്ള സാധ്യതയും അവര്‍ ആരാഞ്ഞു.
കൂടാതെ, പുതിയ ജിഎസ്ടി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് വിറ്റുപോകാതെ കിടക്കുന്ന ഇന്‍വെന്ററി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിതരണക്കാര്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) കമ്പനികളില്‍ നിന്ന് വ്യക്തത തേടി. നിലവിലുള്ള ജിഎസ്ടി ചട്ടക്കൂടിന് കീഴിലാണ് വെയര്‍ഹൗസുകളിലും റീട്ടെയില്‍ ഷെല്‍ഫുകളിലും ഉള്ള ഉല്‍പ്പന്നങ്ങള്‍.
ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് കമ്പനികള്‍ വര്‍ദ്ധിപ്പിച്ച ഈ ഇന്‍വെന്ററികള്‍ പഴയ ജിഎസ്ടി നിരക്കിലാണുള്ളത്. ഇത് പ്രശ്നം സങ്കീര്‍ണ്ണമാക്കി.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
സെപ്തംബര്‍ 22 നാണ് പുതുക്കിയ രണ്ട് സ്ലാബ് ചട്ടക്കൂട് നിലവില്‍ വരുന്നത്.