
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) രണ്ട്-മൂന്ന് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലായിരിക്കും ഓഹരി വില്‍പ്പന നടത്തുന്നത്.
കമ്പനിയുടെ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനം ആയിരിക്കണമെന്ന നിബന്ധന പാലിക്കാന്‍ വേണ്ടിയാണ് പ്രധാന ഓഹരി ഉടമയായ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നത്.
ഒരു തവണയായി വില്‍പ്പന നടത്തുന്നതിന് പകരം വിപണിയുടെ സാഹചര്യം കണക്കിലെടുത്ത് ഒന്നിലേറെ തവണയായി ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2027 മാര്‍ച്ച് 16നുള്ളില്‍ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനം ആയിരിക്കണമെന്ന നിബന്ധന നടപ്പിലാക്കണമെന്നാണ് സെബി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാണ് നീട്ടിക്കൊടുത്തത്. 2022 മെയില്‍ ഐപിഒ വഴി 3.5 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്.
ഇതു വഴി 21,000 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ എല്‍ഐസിയുടെ ഓഹരി വില 23.29 ശതമാനമാണ് ഇടിഞ്ഞത്. 2025ല്‍ ഇതുവരെ 15.61 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.