
ന്യൂഡല്‍ഹി: എയര്‍ കണ്ടീഷണറുകള്‍ (എസി), എല്‍ഇഡി ലൈറ്റുകളുള്‍പ്പടെയുള്ള വൈറ്റ് ഗുഡ്‌സ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.
2021 ഏപ്രിലില്‍ തുടങ്ങിയ പദ്ധതിയുടെ നാലാം റൗണ്ടാണിത്. തുടങ്ങിയ കാലത്തെ നിബന്ധനകളും പിന്നീട് വന്ന ഭേദഗതികളും തുടര്‍ന്നും ബാധകമാകുമെന്നും സമര്‍പ്പിത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://pliwg.dpiit.gov.in/) വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്നും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) പറയുന്നു.
പുതിയ അപേക്ഷകര്‍ക്കും നിലവിലുള്ള ഗുണഭോക്താക്കള്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പരിധിയിലേയ്ക്ക് മാറാനും ഗ്രൂപ്പ് കമ്പനികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ അപേക്ഷിക്കാനും അവസരമുണ്ടാകും. അതേസമയം അപേക്ഷകര്‍ക്ക് പദ്ധതിയുടെ ശേഷിക്കുന്ന കാലാവധി അതായത് സാമ്പത്തികവര്‍ഷം 2029 മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ.
പുതിയ അപേക്ഷകര്‍ക്ക് പരമാവധി രണ്ട് വര്‍ഷത്തേയ്ക്കും നിലവിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുമാണ് പിന്തുണ ലഭിക്കുക. വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകതയാണ് പദ്ധതി തുടരാനുള്ള പ്രചോദനം. ഘടക നിര്‍മ്മാണത്തില്‍ നിക്ഷേപിക്കാന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
2021 ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി, സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് കീഴില്‍, എസികള്‍ക്കും എല്‍ഇഡി ലൈറ്റുകള്‍ക്കും വേണ്ടിയുള്ള ഉപ-അസംബ്ലികളുടെയും ഘടകങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നു. 2022 സാമ്പത്തികവര്‍ഷം തൊട്ട് 2029 സാമ്പത്തികവര്‍ഷം വരെയാണ് കാലാവധി.
ലോഞ്ച് ചെയ്ത് ഇതുവരെ 83 ഗുണഭോക്താക്കളെ ആകര്‍ഷിച്ചു. ആകര്‍ഷിച്ച മൊത്തം നിക്ഷേപം 10,406 കോടി രൂപ.