
ഒരു വെബ്പേജ് വായിക്കുമ്പോള്‍ അതിന്റെ സംഗ്രഹം വേണോ? പല ടാബുകള്‍ തുറന്ന് വിവരങ്ങള്‍ താരതമ്യം ചെയ്യണോ? ഇനി അതിന് പ്രത്യേകമായി സെര്‍ച്ച് ചെയ്യേണ്ടതില്ല. ബ്രൗസറിനുള്ളില്‍ തന്നെ ചോദിച്ചാല്‍ മറുപടി നല്‍കുന്ന നിര്‍മിത ബുദ്ധി (AI) അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍.
ജെമിനി (Gemini) ജനറേറ്റീവ് AI മോഡല്‍ നേരിട്ട് ക്രോം ബ്രൗസറിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ‘Gemini in Chrome’ എന്ന പേരിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്രോം വെറും വെബ് ബ്രൗസര്‍ മാത്രമല്ല, ഉപയോക്താവിന് വിവരങ്ങള്‍ വിശകലനം ചെയ്ത് മറുപടി നല്‍കുന്ന AI സഹായിയായി മാറുന്നു.
ബ്രൗസറിനുള്ളില്‍ തന്നെ AI അസിസ്റ്റന്റ്
ക്രോമില്‍ ജെമിനി എത്തിയതോടെ ബ്രൗസറിന്റെ സൈഡ് പാനലില്‍ AI ചാറ്റ് ലഭ്യമാകും. ഉപയോക്താവ് വായിക്കുന്ന വെബ്പേജിന്റെ ഉള്ളടക്കം മനസ്സിലാക്കി അതിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് AI മറുപടി നല്‍കും. ഉദാഹരണത്തിന് നീളമുള്ള ലേഖനങ്ങള്‍ ചുരുക്കി നല്‍കുക, ഒരു വിഷയം സരളമായി വിശദീകരിക്കുക,
ഒരേസമയം തുറന്നിരിക്കുന്ന പല ടാബുകളിലെ വിവരങ്ങള്‍ താരതമ്യം ചെയ്യുക, ഗവേഷണത്തിനോ ഷോപ്പിംഗിനോ വേണ്ട വിവരങ്ങള്‍ ശേഖരിച്ച് ചുരുക്കം നല്‍കുക… ഇത്തരത്തിലുള്ള കാര്യങ്ങള്‍ ബ്രൗസറിനുള്ളില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു.
ഇന്ത്യന്‍ ഭാഷകള്‍ക്കും പിന്തുണ
ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പതിപ്പിന്റെ പ്രധാന പ്രത്യേകത ഭാഷാ പിന്തുണയാണ്. ജെമിനി ഇപ്പോള്‍ 50-ത്തിലധികം ഭാഷകളില്‍ പ്രവര്‍ത്തിക്കും. അതില്‍ നിരവധി ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുന്നു.
ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും AI ഉപയോഗിക്കാനാകും. ഇതിലൂടെ ഇംഗ്ലീഷ് അറിയാത്ത ഉപയോക്താക്കള്‍ക്കും AI ബ്രൗസിംഗ് സൗകര്യം കൂടുതല്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.
ഗൂഗിള്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാം
ജെമിനി ക്രോമില്‍ എത്തിയതോടെ അത് Gmail, Google Maps, Calendar, YouTube പോലുള്ള ഗൂഗിള്‍ സേവനങ്ങളുമായി കൂടി പ്രവര്‍ത്തിക്കാം. ഉദാഹരണത്തിന് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ Maps വിവരങ്ങള്‍ ഉപയോഗിക്കുക, മെയിലുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചുരുക്കി നല്‍കുക, വീഡിയോയിലെ ഉള്ളടക്കം വേഗത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുക. ഇതിലൂടെ ബ്രൗസര്‍ തന്നെ ഒരു ഡിജിറ്റല്‍ പ്രൊഡക്ടിവിറ്റി ഹബ് ആയി മാറുകയാണ്.
AI ബ്രൗസറുകളുടെ കാലമോ?
ടെക് ലോകത്ത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത് AI ബ്രൗസറുകളുടെ വരവാണ്. വെബ്സൈറ്റുകള്‍ തുറക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കി ഉപയോക്താവിനെ സഹായിക്കുന്ന ബ്രൗസറുകളിലേക്കാണ് ടെക് കമ്പനികള്‍ നീങ്ങുന്നത്.
ജെമിനി ക്രോമില്‍ എത്തിയതോടെ ഉപയോക്താക്കള്‍ക്ക് ഇനി വെബ്പേജുകള്‍ തല്‍ക്ഷണം സംഗ്രഹിക്കാം. വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് AIയോട് ചോദിക്കാം. വിവിധ ടാബുകളിലെ വിവരങ്ങള്‍ താരതമ്യം ചെയ്യാം. AI സഹായത്തോടെ വിവരങ്ങള്‍ കണ്ടെത്താം.
ജെമിനി ക്രോമില്‍ ആദ്യം അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയാണ്. ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ആരംഭിച്ച ഈ സൗകര്യം പിന്നീട് കൂടുതല്‍ ഉപകരണങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷ.






