
മുംബൈ: സ്വര്‍ണ്ണം വെള്ളി വിലകള്‍ ഈയാഴ്ച കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച സ്വര്‍ണ്ണവില 6.3 ശതമാനമാണ് ഇടിഞ്ഞത്. ഇത് 12 വര്‍ഷത്തെ കൂടിയ ഇടിവാണ്.
ബുധനാഴ്ച സ്വര്‍ണ്ണം 2.9 ശതമാനവും വെള്ളി 2 ശതമാനവുമിടിഞ്ഞു. കഴിഞ്ഞദിവസം വെള്ളിവിലയില്‍ ഏതാണ്ട് 7.1 ശതമാനത്തിന്റെ കുറവ് ദൃശ്യമായിരുന്നു. ലാഭമെടുപ്പാണ് പ്രധാനമായും വിലകളില്‍ പ്രതിഫലിച്ചത്. വന്‍തോതിലുള്ള വിലക്കയറ്റം കുമിളയാണെന്ന് ധരിച്ചതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പിന്മാറി.
സ്വര്‍ണ്ണ, വെള്ളി വിപണികളിലെ അനിശ്ചിതത്വത്തിന് ഒരു കാരണം യുഎസ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ അടച്ചുപൂട്ടലാണ്. ഇത് കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷന്റെ (CFTC) ഡാറ്റ അപ്രാപ്യമാക്കുകയും ഹെഡ്ജ്, നിക്ഷേപക ഫണ്ടുകളുടെ സ്വര്‍ണ്ണ, വെള്ളി ഫ്യൂച്വേഴ്സ് സ്ഥാനത്തെക്കുറിച്ച് അവ്യക്തത സൃഷ്ടിക്കുകയും ചെയ്തു.
വില്‍പന സമ്മര്‍ദ്ധം വര്‍ദ്ധിക്കുമെന്ന് എഎന്‍സെഡ് ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് അനലിസ്റ്റുകള്‍ പറയുന്നു. അതേസമയം ദീര്‍ഘകാല ഘടകങ്ങള്‍ അനുകൂലമാണ്. കേന്ദ്രബാങ്കുകളുടെ സ്വര്‍ണ്ണവാങ്ങലുകളും പലിശനിരക്കുകള്‍ കുറയ്ക്കപ്പെടാനുള്ള സാധ്യതയും ഉദാഹണം.
ഏഷ്യന്‍ ഇക്വിറ്റി വിപണികള്‍ ദുര്‍ബലമാകുന്ന സാഹചര്യവും സംജാതമായി. ജപ്പാന്‍ വിപണി സമ്മിശ്ര പ്രകടനം നടത്തിയപ്പോള്‍ ഓസ്ട്രേലിയന്‍, ഹോങ് ങ്കോങ് വിപണികള്‍ ഇടിഞ്ഞു. എസ്ആന്റ്പി500 ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. ഡോളര്‍ സ്ഥിരത കൈവരിക്കുകയും യുഎസ് ട്രഷറി ബോണ്ടുകള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു.