
കൊച്ചി: ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി സ്വർണ വില തുടർച്ചയായി ഉയരുന്നു. ഗ്രാമിന് ഇന്ന് 30 രൂപ വർധിച്ച് വില 6,790 രൂപയായി. 240 രൂപ ഉയർന്ന് 54,080 രൂപയിലാണ് പവൻ. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു.
രാജ്യാന്തര വില ഔൺസിന് വീണ്ടും 2,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔൺസിന് 40 ഡോളറോളം ഉയർന്ന് രാജ്യാന്തര വില 2,418 ഡോളർ വരെ എത്തിയിരുന്നു. നിലവിൽ 2,409 ഡോളറിലാണ് വ്യാപാരം. അതേസമയം, ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. വില ഗ്രാമിന് 99 രൂപ. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ ഉയർന്ന് 5,610 രൂപയായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്‍റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. മേയിൽ ഇത് 3 ശതമാനത്തിന് മുകളിലായിരുന്നു. രണ്ട് ശതമാനത്തിലേക്ക് താഴ്ത്തുകയാണ് കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവിന്‍റെ ലക്ഷ്യം.
എന്നാൽ, പലിശഭാരം കുറയ്ക്കാൻ പണപ്പെരുപ്പം രണ്ടുശതമാനം വരെ താഴാൻ കാത്തിരിക്കില്ലെന്ന സൂചന യുഎസ് ഫെഡ് കഴിഞ്ഞദിവസം നൽകിയിരുന്നു.
ഇതോടെ യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) വൻതോതിൽ ഇടിഞ്ഞത് സ്വർണ നിക്ഷേപങ്ങളിലേക്ക് കൂടുതൽ നിക്ഷേപമൊഴുകാൻ വഴിവച്ചു. ഇതാണ് വിലക്കയറ്റത്തിന് മുഖ്യ കാരണം. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.1 ശതമാനത്തിലേക്കാണ് ഇന്നലെ താഴ്ന്നത്. മുൻമാസങ്ങളിൽ ഇത് 4.5ന് മുകളിലായിരുന്നു.
ഒരു പവൻ ആഭരണത്തിന് ഇന്നത്തെ വില
54,080 രൂപയാണ് ഇന്ന് പവനെങ്കിലും ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്‍റെ രൂപകൽപനയ്ക്ക് അനുസരിച്ച് ഓരോ ജുവലറിക്കും വ്യത്യസ്തമാണ്.
മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം ലഭിക്കാൻ 58,540 രൂപയെങ്കിലും നൽകണം. ഇന്നലത്തേതിനേക്കാൾ 400 രൂപ അധികമാണിത്.