
കൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ ‘ഷോപ്പിങ് മാമാങ്കം’ കൂടിയായ ഓണത്തിന്, ഇക്കുറിയും സ്വർണാഭരണ വിൽപന വൻ ഉഷാർ. ചിങ്ങം പിറന്ന്, വിവാഹ സീസണും വിരുന്നെത്തിയതോടെ ആഭരണശാലകളിലെല്ലാം കൂടുതൽ തിരക്കായി.
2023ലെ ഓണക്കാലത്ത് അത്തം മുതൽ 10 ദിവസത്തിനിടെ കേരളത്തിൽ 5,000 കോടി രൂപയുടെ സ്വർണവിൽപന നടന്നുവെന്നായിരുന്നു അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞവർഷം അത് 7,000 കോടിയിലെത്തി. ഇക്കുറി പ്രതീക്ഷ 8,000 കോടിയുടെ വിറ്റുവരവ്.
സ്വർണവില റെക്കോർഡ് തകർത്ത് തേരോട്ടം നടത്തുന്നത് വിറ്റഴിയുന്ന അളവിനെ ബാധിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.
വിവാഹ പാർട്ടികൾക്ക് പുറമെ ഓണത്തിന് സമ്മാനങ്ങളായി നൽകാൻ കമ്മൽ, മോതിരം, വള, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ വാങ്ങുന്നവരും ധാരാളം. സ്വർണത്തെ മികച്ച നിക്ഷേപമായി കാണുന്നവരുടെ എണ്ണം ഉയർന്നതും വിൽപന കൂടാനുള്ള കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ശനിയാഴ്ച്ച സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് സർവകാല ഉയരമായ 9,620 രൂപയിലും പവൻവില 1,200 രൂപ വർധിച്ച് 76,960 രൂപയിലും എത്തിയിരുന്നു.
വിലയിൽ സ്ഥിരതയില്ലാത്തത് ഉപഭോക്താക്കളെ അലട്ടുന്നുണ്ടെങ്കിലും വിപണിയിൽ അതു പ്രകടമല്ലെന്ന് എകെജിഎസ്എംഎ കെ. സുരേന്ദ്രൻ വിഭാഗം ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസറും പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിനിടെ പവന് 20,000 രൂപയിലധികമാണ് വർധിച്ചത്. ഇത് സ്വർണം വാങ്ങൽ അളവ് കുറയാൻ ഇടയാക്കിയിട്ടുമുണ്ട്. നേരത്തേ പവൻ, ഗ്രാം എന്നിങ്ങനെ പറഞ്ഞാണ് ഉപഭോക്താക്കൾ സ്വർണാഭരണം വാങ്ങിയിരുന്നതെങ്കിൽ നിലവിൽ അത് തുക പറഞ്ഞുകൊണ്ടായി എന്നുമാത്രം.
ഒരു ലക്ഷം രൂപയുടെ സ്വർണം, 10 ലക്ഷം രൂപയുടെ സ്വർണം എന്നിങ്ങനെയാണ് ഇപ്പോൾ മിക്ക ഉപഭോക്താക്കളും സ്വർണാഭരണം വാങ്ങുന്നത്. നേരത്തേയത് ഒരു പവൻ, രണ്ടു പവൻ, 5 പവൻ എന്നിങ്ങനെയായിരുന്നു. വില കൂടിനിൽക്കുന്നതിനാൽ എക്സ്ചേഞ്ചാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
ഒരുദിവസത്തെ മൊത്തം വിൽപനയിൽ 60 ശതമാനമെങ്കിലും എക്സ്ചേഞ്ചാണ്. നിലവിൽ കൈവശമുള്ള പഴയ ആഭരണങ്ങൾ മാറ്റി പുത്തൻ ട്രെൻഡി ഡിസൈനുകളിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനാണ് കൂടുതൽ ഉപഭോക്താക്കളും എത്തുന്നത്.