2023ൽ ലോകമെമ്പാടുമുള്ള വൈൻ ഉൽപ്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 7% കുറയാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് വൈൻ ആൻഡ് വൈൻ (OIV) പറയുന്നു. 1961 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഉൽപ്പാദനമാണിത്.
മഞ്ഞ്, കനത്ത മഴ, വരൾച്ച എന്നിവയുൾപ്പെടെയുള്ള മോശം കാലാവസ്ഥയാണ് ഉൽപാദനം ഇടിയാനുള്ള കാരണം. വൈനിന്റെ ആഗോള ഉൽപാദനത്തിന്റെ 94% നടക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വിശകലനം.
യൂറോപ്യൻ യൂണിയനിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വൈൻ ഉൽപ്പാദനം കുറഞ്ഞു, ഇത് ലോകത്ത് മൊത്തം ഉൽപ്പാദിപ്പിക്കുന്നതിന്റെ 60% ത്തിലധികമാണ്. ചില രാജ്യങ്ങളിലെ മഴയും കൊടുങ്കാറ്റും മറ്റുള്ളവയിൽ വരൾച്ചയും കാരണം മുന്തിരി വിളവ് കുറഞ്ഞതായി ഒഐവി പറയുന്നു.
സ്പെയിനിൽ 14 ശതമാനവും ഇറ്റലിയിൽ 12 ശതമാനവും വിളവ് കുറഞ്ഞു, ഇവിടെ വരണ്ട കാലാവസ്ഥയാണ് ഈ വർഷത്തെ മുന്തിരി വിളവെടുപ്പ് കുറയാനിടയാക്കിയത്.
അതേ സമയം ഫ്രാൻസിൽ വലിയ പ്രതിസന്ധി ഉണ്ടാകാതിരുന്നതോടെ ഇറ്റലിയെ മറികടന്ന് ഫ്രാൻസ് ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമായി.ചിലിയിൽ, വരൾച്ചയും കാട്ടുതീയും മൂലം വിളവ് 20% കുറഞ്ഞു.
ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷത്തേക്കാൾ നാലിലൊന്ന് ഉത്പാദനം കുറഞ്ഞു .അതേ സമയം ആഗോള ഉൽപ്പാദനം കുറഞ്ഞെങ്കിലും വൈനിനുള്ള ഡിമാൻഡിലും കുറവുണ്ടായതോടെ വിപണിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
2018 മുതൽ ചൈനയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാൽ, വൈനിന്റെ ഉപഭോഗവും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വൈനിന്റെ ഡിമാന്റ് കുറഞ്ഞതോടെ മിച്ചം വന്ന വൈൻ സ്റ്റോക്കുകൾ നശിപ്പിക്കാൻ 200 മില്യൺ യൂറോ അനുവദിക്കുമെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചിരുന്നു.