
ന്യൂയോര്‍ക്ക്: തൊഴില്‍ മേഖലയെ സംബന്ധിച്ച് നെഗറ്റീവ് പ്രവചനം നടത്തിയിരിക്കയാണ് യുഎന്‍ ഏജന്‍സി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) പുതിയ റിപ്പോര്‍ട്ട് പ്രകാരം, നടപ്പ് വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കും. തൊഴില്‍ വളര്‍ച്ച 1 ശതമാനത്തിലൊതുങ്ങും.
റഷ്യ- ഉക്രെയ്ന്‍ യുദ്ധം കാരണമുളള സാമ്പത്തിക തകര്‍ച്ച, പണപ്പെരുപ്പം, കര്‍ശനമായ ധനനയം എന്നിവയാണ് തൊഴില്‍ വിപണിയെ ദുര്‍ബലമാക്കുന്നത്. തൊഴില്‍ രഹിതരായ ആളുകളുടെ എണ്ണം 3 ദശലക്ഷം വര്‍ധിച്ച് 208 ദശലക്ഷമാകുമെന്നും ആഗോള തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുമെന്നും ഏജന്‍സി പറയുന്നു.
കോവിഡ് കാല നഷ്ടത്തില്‍നിന്നും ലോകം കരകയറിയില്ല എന്നാണ് തൊഴിലില്ലായ്മ അര്‍ത്ഥമാക്കുന്നത്, ഐഎല്‍ഒ ഗവേഷ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് സാമന്‍സ് പറഞ്ഞു. ചെലവിനനുപാതികമായി വേതനം വര്‍ധിക്കാത്തതിനാല്‍ ജീവിത നിലവാരം താഴുമെന്നും കൂടുതല്‍ പേര്‍ പട്ടിണിയിലേയ്ക്ക് വീഴുമെന്നും കണ്ടെത്തലുണ്ട്.മാന്ദ്യമുണ്ടായാല്‍ സാഹചര്യംവഷളാകും.
കഴിഞ്ഞവര്‍ഷം 2.3 ശതമാനം വളര്‍ന്ന ആഗോള തൊഴില്‍ വിപണി നടപ്പ് വര്‍ഷത്തില്‍ 1 ശതമാനത്തിന്റെ വളര്‍ച്ചമാത്രമാണ് കൈവരിക്കുക. തൊഴിലെടുക്കുന്നവരായി 3.4 ബില്യണ്‍ ആളുകളുണ്ടാകും.
പ്രതിസന്ധി രൂക്ഷം
2022ല്‍ ആഗോള തൊഴില്‍ അന്തരം 47.3 കോടിയാണ്. തൊഴിലില്ലാത്തവരും ഒരു തവണ പരാജയപ്പെട്ടതിന്റെ പേരില്‍ തൊഴിലന്വേഷണം നിര്‍ത്തിയവരുമാണ് ഈഗണത്തില്‍ ഉള്‍പ്പെടുന്നത്. 2022-ലെ ആഗോള തൊഴില്‍ അന്തരം 2019 ലെ നിലവാരത്തേക്കാള്‍ ഏകദേശം 3.3 കോടിഅധികമാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇതില്‍ സ്ത്രീകള്‍ 15%വും പുരുഷന്മാര്‍ 10.5 ശതമാനവുമാണ്.
അനൗപചാരിക ജോലികളുടെ എണ്ണത്തിലെ ഉയര്‍ച്ച
നിലവിലെ മാന്ദ്യം അര്‍ത്ഥമാക്കുന്നത്, ആളുകള്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭ്യമാകുന്നില്ല എന്നതാണ്. പലര്‍ക്കും താഴ്ന്ന നിലവാരത്തിലുള്ള ജോലികള്‍ സ്വീകരിക്കേണ്ടി വരുന്നു. പലപ്പോഴും വളരെ കുറഞ്ഞ ശമ്പളത്തില്‍,മതിയായ മണിക്കൂറുകളില്ലാതെ. 15 നും 24 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ മാന്യമായ തൊഴില്‍ കണ്ടെത്തുന്നതിലും നിലനിര്‍ത്തുന്നതിലും കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.






